Skip to main content

തകഴി സാഹിത്യ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി 

 

 

തകഴി:സാഹിത്യ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നവോഥാനത്തിന്റെ കാലത്ത് മാനവികതയിലേക്കുള്ള മാറ്റംനടന്നു കഴിഞ്ഞുവെന്ന് പൊതു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി  രവീന്ദ്രനാഥ്. തകഴി ശങ്കരമംഗലത്ത് നടന്ന പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ വേദനയും ഗന്ധവും പച്ചയായ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്നതാണ് പല സാഹിത്യ കൃതികളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പിയുടെ വിവിധ കവിതകളും അദ്ദേഹം എല്ലാവർക്കുമായി ആലപിച്ചു. 

 

 

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മലയാള ഭാഷക്ക് നൽകിയ സമ​​ഗ്ര സംഭാവന പരി​ഗണിച്ച് തകഴി സ്മാരകം നൽകുന്ന അവാർഡ് തകഴി സാഹിത്യ പുരസ്‌കാരം 2019 ജേതാവ് കവി ശ്രീകുമാരൻ തമ്പിക്ക് മന്ത്രി ജി സുധാകരൻ പുരസ്‌കാര സമർപ്പണം നടത്തി. മന്ത്രി ചെയർമാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന പുരസ്‌കാരമാണ് നൽകിയത്. കുട്ടികാലം മുതൽ കണ്ടും കെട്ടും പരിചയമുള്ള തകഴിയുടെ പേരിലുള്ള അവാർഡ് ലഭിച്ചതിലുള്ള സന്തോഷം കവി  മറുവാക്കിലൂടെ പ്രകടിപ്പിച്ചു. 2015ഇൽ അമ്മയുടെ വേർപാടിന്റെ വേദനയിൽ എഴുതിയ കവിത 'അമ്മയ്ക്കൊരു താരാട്ട്'എല്ലാവർക്കുമായി ആലപിച്ചു. 21 ഭാഷകളിലേക്ക് പരിഭാഷപെടുത്തിയ  കവിത കൂടിയാണിത്. കൂടാതെ പ്രേക്ഷകർക്കായിആലപ്പുഴയെകുറിച്ച എഴുതിയ  പ്രശസ്തമായ ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ ഗാനവും  ആലപിച്ചു. കവി റഫീഖ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സ്മാരക സമിതിയംഗം അലിയാർ.എം.മാക്കിയിൽ രചിച്ച പാടവരമ്പത്ത് എന്ന കഥാസമാഹാരം ശ്രീകുമാരൻ തമ്പി മന്ത്രി ജി.സുധാകരന് നൽകി പ്രകാശനം ചെയ്തു.

 

തകഴി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ അംബിക ഷിബു, സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ എൻ ഗോപിനാഥപിള്ള, സെക്രട്ടറി കെ ബി അജയകുമാർ, ജില്ല ലൈബ്രറി കൌൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച് സലാം, കരുമാടിക്കുട്ടൻ സ്മാരക സമിതി ചെയർമാൻ എ ഓമനക്കുട്ടൻ ജില്ല പഞ്ചായത്ത് അംഗം എ ആർ കണ്ണൻ, എന്നിവർ സന്നിഹിതരായി. ചടങ്ങിനോടനുബന്ധിച്ച് സ്മാരകം സംഘടിപ്പിച്ച തകഴി സാഹിത്യ ക്വിസ് വിജയികൾക്ക് മന്ത്രി രവീന്ദ്രനാഥ് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു. ശ്രീകുമാരൻ തമ്പിയുടെ കവിതകളും പാട്ടുകളും ഉള്കൊള്ളിച്ചുകൊണ്ടുള്ള ഗാനാപരിപാടി ശ്രീ ഗീതികൾ ചടങ്ങിൽ അരങ്ങേറി. 

date