Skip to main content

നോർക്ക പുനരധിവാസ പദ്ധതി :ഫീൽഡ് ക്യാമ്പ്  20 ന്

ആലപ്പുഴ: പ്രവാസി പുനരധിവാസ പദ്ധതിയുടെ കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക് ,സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ 10 നു എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.  ചുരുങ്ങിയത്  രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി  മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ  സേവനവും ലഭ്യമാക്കും.
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ  സംരംഭകരാകാൻ താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ പ്രവാസി പുനരധിവാസ പദ്ധതിയിലെ ആവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.  തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, രണ്ടു വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി സഹായ കേന്ദ്രം (0471 2329738) നമ്പറിലോ നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പറിലോ- 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം), 0471-2770581 നമ്പറിലോ  ബന്ധപ്പെടണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 
 

date