Skip to main content

നീതിക്കൊരു കൂട്ടായ്മ പ്രചാരണത്തിന് തുടക്കമായി

കുടുംബശ്രീ സംസ്ഥാന മിഷന്‍റെ പദ്ധതിയായ ڇനീതം-2018 നീതിയ്ക്കായൊരുകൂട്ടായ്മڈ എന്ന പേരിലുള്ള ഒരുമാസം നീണ്ടു നില്‍ക്കുന്ന പ്രചാരണത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബ സംഗമം, ചര്‍ച്ചകള്‍, കലാപരിപാടികള്‍, വൃക്ഷതൈ നടീല്‍, ഒപ്പുശേഖരണം എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് അയല്‍ക്കൂട്ടങ്ങള്‍ നീതം 2018 പ്രചാരണം ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുക, പ്രതികരിക്കാന്‍ പ്രാപ്തരാക്കുക, പ്രശ്നങ്ങളില്‍ ഇടപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുക എന്നിവ അയല്‍ക്കൂട്ട തലത്തില്‍ വളര്‍ത്തിയെടുക്കുകയാണ് നീതം പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഒരുദിവസം നീണ്ടു നിന്ന അയല്‍ക്കൂട്ട സംഗമത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടന്നു. തുടര്‍ന്നായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ കുടുംബസംഗമം. കുടുംബങ്ങളിലെ ജനാധിപത്യത്തെക്കുറിച്ച് സ്ത്രീയും പുരുഷനും ചേര്‍ന്ന് ചര്‍ച്ച ചെയ്തു.
    ഓരോ അയല്‍ക്കൂട്ട പ്രദേശവും ശിശു-സ്ത്രീ സൗഹൃദമാക്കിമാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്തു. നീതം പ്രചാരണത്തിന്‍റെ ഭാഗമായി അയല്‍ക്കൂട്ട തലങ്ങളില്‍ കൈപുസ്തകം വിതരണം ചെയ്തിരുന്നു. അതിക്രമങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി നല്‍കിയ ഫോറം പൂരിപ്പിക്കലും സംഗമത്തില്‍ നടന്നു. അതിക്രമങ്ങള്‍ക്കെതിരെ സഹയാത്രാസംഗമം എന്ന പേരില്‍ ഒരുദിവസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ് തലങ്ങളില്‍ ഇന്ന് (17) നടക്കും.
    പരിശീലനം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേറ്റേഴ്സ് അയല്‍ക്കൂട്ട സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം വീണ ജോര്‍ജ്ജ് എം.എല്‍.എ ഓമല്ലൂര്‍ ലോട്ടസ് അയല്‍ക്കൂട്ടത്തില്‍ നിര്‍വഹിച്ചു. പന്തളം കൈരളി അയല്‍ക്കൂട്ടത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍,എ, തിരുവല്ല പാര്‍വ്വതി അയല്‍ക്കൂട്ടത്തില്‍ സീരിയല്‍ താരം അയിരൂര്‍ മോഹനന്‍, അടൂര്‍ നഗരസഭയിലെ വിജയശ്രീ അയല്‍ക്കൂട്ടത്തില്‍ കവി വലിയവീട്ടില്‍ സോളമന്‍, വാര്‍ഡ് 16 ല്‍ ആര്‍ട്ടിസ്റ്റ് സതീഷ്, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, എ.ഡി.എം.സിമാരായ മണികണ്ഠന്‍, സീമ, സെലീന, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ അനുപ, ഡി.പി.എംമാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രത്യേക പരിശീലനം സിദ്ധിച്ച പരിശീലകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.                      (പിഎന്‍പി 390/18)

date