വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ജില്ല സംസ്ഥാനത്ത് രണ്ടാമത്
ലൈഫ് മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണം ഊര്‍ജിതപ്പെടുത്തണം : കളക്ടര്‍
ലൈഫ് മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണം കൂടുതല്‍ സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദ്ദേശിച്ചു. ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗം പറക്കോട് ബ്ലോക്ക് ഓഫീസ് ഹാളില്‍ നടത്തിയ ലൈഫ്മിഷന്‍ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതി എന്ന നിലയില്‍ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്തിയ പരിഗണന നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ 1517 വീടുകളാണ് പദ്ധതിയിലുളളത്. ലൈഫ് മിഷന്‍ കണക്ക് പ്രകാരം കഴിഞ്ഞദിവസം വരെ 150 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് 9.88 ശതമാനമാണ്. സംസ്ഥാന പൂര്‍ത്തീകരണ ശരാശരി 4.86 ശതമാനമാണ്. കോഴിക്കോട് (12.31%) ജില്ലയാണ് ഒന്നാമത്. 237 വീടുകള്‍ പൂര്‍ത്തീകരിച്ചെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആയത് അംഗീകരിക്കാനാവില്ലെന്ന് കളക്ടര്‍ പറഞ്ഞു. വീടുകളുടെ പൂര്‍ത്തീകരണം ലൈഫ് മിഷന്‍ വെബ് സൈറ്റില്‍ അതത് ദിവസംതന്നെ ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയുടെ ലക്ഷ്യം പരമാവധി മാര്‍ച്ച് 15 നെങ്കിലും പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
- Log in to post comments