Skip to main content

കല്‍പ്പറ്റ ബ്ലോക്കില്‍ ജൈവഗൃഹം പദ്ധതി നടപ്പാക്കുന്നു

        റീ ബില്‍ഡ്  കേരള ഇനിഷീയേറ്റീവ് പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി രീതിയിലൂടെ കര്‍ഷകരുടെ ഉപജീവനമാര്‍ഗം വര്‍ദ്ധിപ്പിക്കുന്നതിന് കല്‍പ്പറ്റ ബ്ലോക്കില്‍ ജൈവഗൃഹം പദ്ധതി നടപ്പാക്കുന്നു. സംയോജിക കൃഷിരീതികള്‍ ചെയ്യാന്‍ താല്‍പര്യമുളള കുറഞ്ഞത് 5 സെന്റെങ്കിലും കൃഷിയിടമുളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാന്‍ കഴിയും. ഓരോ ഗുണഭോക്താവും ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും ചെയ്യണം. വിജയകരമായി പദ്ധതി പൂര്‍ത്തീകരിച്ച കര്‍ഷകര്‍ക്ക്  സാമ്പത്തിക സഹായം നല്‍കും.
      അഞ്ച് സെന്റ് മുതല്‍ മുപ്പത് സെന്റ് വരെ 30,000 രൂപയും 31 സെന്റ് മുതല്‍ 40 സെന്റ് വരെ 40,000 രൂപയും അതിന് മുകളില്‍ അഞ്ച് ഏക്കര്‍ വരെ 50,000 രൂപയുമാണ് സാമ്പത്തിക സഹായം. ഗുണഭോക്താവ് നടപ്പിലാക്കിയതും മെച്ചപ്പെടുത്തിയതുമായ സംരംഭങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുക. പോഷകത്തോട്ടവും (ഹൃസ്വകാല -ബഹുവര്‍ഷ പച്ചക്കറി കൃഷി/പഴവര്‍ഗ്ഗ കൃഷി തുടങ്ങിയവ) കറുവപശു/എരുമ/ആട്/കോഴി/പന്നി/താറാവ്/മുയല്‍/കാട മുതലായവ യില്‍ ഒന്നും നിര്‍ബന്ധമാണ്. അനുബന്ധമായി ഇടവിളകൃഷി, പുഷ്പകൃഷി, തീറ്റപ്പുല്‍ കൃഷി, തേനീച്ച വളര്‍ത്തല്‍,ജൈവമാലിന്യ സംസ്‌ക്കരണം,മത്സ്യകൃഷി, കണിക ജലസേചനം,മേല്‍ക്കൂര ജലസേചനം തുടങ്ങിയവയും നടപ്പാക്കാം.
          ജൈവഗൃഹം പദ്ധതി ആനുകൂല്യങ്ങള്‍ക്കായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷകള്‍ കല്‍പ്പറ്റ ബ്ലോക്കിലെ കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പദ്ധതിയിനങ്ങള്‍ പൂര്‍ത്തീകരിച്ച് രേഖകളും ബില്ലുകളും സമര്‍പ്പിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും.  ബ്ലോക്കിലെ 453 യൂണിറ്റുകള്‍ക്കായി 1.65 കോടി രൂപ  വകയിരുത്തിയിട്ടുണ്ടെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date