Skip to main content

പുത്തന്‍പീടികയിലും ഇളകൊള്ളൂരിലും പോലീസ് റെയ്ഡ്; ചാരായം വാറ്റിയ ഏഴു പേര്‍ പിടിയില്‍

 

ചാരായം വാറ്റിനെതിരേ പോലീസ് നടത്തിയ റെയ്ഡില്‍ പുത്തന്‍പീടികയില്‍ അഞ്ചു പേരും ഇളകൊള്ളൂരില്‍ രണ്ടുപേരും ഉള്‍പ്പെടെ ഏഴു പേര്‍ പിടിയിലായതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. 

വീട്ടില്‍ ചാരായം വാറ്റിയതിന് അഞ്ചു പേരെ പത്തനംതിട്ട പോലീസ് പിടികൂടി. പുത്തന്‍പീടിക മണ്ണില്‍ മേലേതില്‍ കുഞ്ഞുമോന്‍(44), ലക്ഷംവീട് കോളനിയില്‍ അനീഷ്(30), കൊടുന്തറവാലയ്ക്കല്‍ മേലേല്‍ വീട്ടില്‍ വിഷ്ണു(25) പുത്തന്‍പീടിക കൊച്ചുകിഴക്കേതില്‍ വീട്ടില്‍ ചാരിസ് ജോണ്‍സണ്‍(30) വേലന്‍ പറമ്പില്‍ വീട്ടില്‍ വി.ജി. അനു (30) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെ പിടികിട്ടാനുണ്ട്. ഒന്നാം പ്രതിയുടെ വീട്ടില്‍ വച്ചാണ് ചാരായം വാറ്റിയത്. 30 ലിറ്റര്‍ കോടയും ഒരു ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. എസ്.ഐ ജയമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. 

കോന്നി പ്രമാടം ഇളകൊള്ളൂരില്‍ വീട്ടുമുറ്റത്ത് ഗ്യാസ് സിലിണ്ടറില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് വ്യാജചാരായം നിര്‍മിച്ച രണ്ടുപേരെ എസ്ഐ കുരുവിള സക്കറിയയും സംഘവും അറസ്റ്റ് ചെയ്തു. ഇളകൊള്ളൂര്‍ മേലേടത്ത് പ്രദീപ്കുമാര്‍(38), കൊട്ടക്കാട്ട് ജ്യോതിഷ് എന്നിവരാണ് പിടിയിലായത്.

ജില്ലയില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്കും മറ്റും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ എത്തിക്കുന്നതിന് ജനമൈത്രി പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവരുന്നു.  ഭക്ഷ്യവസ്തുക്കളും ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അടൂര്‍, പന്തളം, ചിറ്റാര്‍, തിരുവല്ല തുടങ്ങിയ സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ഇടപെട്ട് സഹായങ്ങള്‍ എത്തിച്ചതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

date