Skip to main content

ഇഞ്ചി കര്‍ഷകരെ തിരികെ എത്തിക്കുന്നതിന് നടപടിയായി

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കുടക് ജില്ലയില്‍ അകപ്പെട്ട ഇഞ്ചി കര്‍ഷകരെ തിരികെ  എത്തിക്കുന്നതിനായി പാസ്സ് അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ചുവരുന്നതായി സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് അറിയിച്ചു. 300 പേരാണ് പാസ്സിന് അപേക്ഷ നല്‍കിയത്. ഇതില്‍ സ്വന്തമായി വാഹനമുള്ള 50 പേര്‍ക്ക് അവരുടെ വാഹനങ്ങളില്‍ തന്നെ ജില്ലയിലേക്ക് തിരികെ എത്താവുന്നതാണ്. വാഹനമില്ലാത്ത 250 പേരെ തിരികെ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ കളക്ടറുടെ പാസ്സ് ലഭ്യമാവുന്നതിന് മുമ്പ് ആരും യാത്ര പുറപ്പെടാന്‍ പാടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചവരെ പരിശോധിക്കുന്നതിനും മറ്റുമായി മുത്തങ്ങ ചെക്‌പോസ്റ്റില്‍ ആവശ്യമായ സംവിധാനം ഒരുക്കി വരികയാണ്.
മൂപ്പൈനാട് പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ജില്ലയിലെ മറ്റിടങ്ങളില്‍ ലഭ്യമാവുന്ന ഇളവുകള്‍ക്ക് അര്‍ഹതയുണ്ടാവും. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആളുകള്‍ ജോലി ചെയ്യുന്ന ക്രഷറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ഭരണകൂടം മുഖാന്തരം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16 പേര്‍ സംഭാവന ചെയ്തു. ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം നൂറ് ശതമാനം പൂര്‍ത്തിയായി. 49,263 എ.എ.വൈ കാര്‍ഡുടമകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 48,467 പേര്‍ക്കും കിറ്റ് വിതരണം ചെയ്തു. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് പങ്കെടുത്തു.
 

date