ലോക്ക് ഡൗണ്‍ രോഗപ്രതിരോധത്തിന് ഏറ്റവും ഉചിതമായ സമയം
ലോക്ക് ഡൗണിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാം വീടുകളില്‍തന്നെ ഉളളതിനാല്‍ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കല്‍, വീടും പരിസരവും വൃത്തിയാക്കല്‍, ആഹാര അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. കിണറുകളും, മറ്റ് കുടിവെളള സ്രോതസുകളും, കൊതുകു കടക്കാത്ത വിധത്തില്‍ വലയിട്ടു മൂടണം. വീടിനുളളിലും, ടെറസിലും, സണ്‍ഷേഡിലും വെളളം കെട്ടി നില്‍ക്കുന്നില്ലായെന്ന് ഉറപ്പാക്കണം. വീടിന്റെ പരിസരം പാഴ്ച്ചെടികളും, കാടുകളും വെട്ടിക്കളഞ്ഞ് വൃത്തിയാക്കണം. വെളളം കെട്ടി നില്‍ക്കുന്ന ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കണം. എലി ശല്യം ഇല്ലാതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കണം.
വേനല്‍മഴ ശക്തമായതോടെ പൊതുസ്ഥലങ്ങളിലും കൊതുകു പെരുകുന്നതിനുളള ധാരാളം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കാം. വയലുകള്‍, വെളളക്കെട്ടുളള മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്നവര്‍, ക്ഷീര കര്‍ഷകര്‍, അറവുശാലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഗ്ലൗസ്, ഗംബൂട്ട്, തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണം.
വെളളക്കെട്ടുളള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനിക്കുളള പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി നല്‍കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമിക/സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ വീടുകളിലും, ചൊവ്വാഴ്ച്ച പ്ലാന്റേഷന്‍ മേഖലയിലും, വ്യാഴാഴ്ച്ച പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും, വെളളിയാഴ്ച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
കൊതുക് നിയന്ത്രണം, എലി നശീകരണം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവ പ്രാവര്‍ത്തികം ആക്കുകയാണെങ്കില്‍ പൂര്‍ണമായും നിയന്ത്രിക്കാവുന്ന രോഗങ്ങളാണ് ഇവ രണ്ടും. അതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
- Log in to post comments