Skip to main content

അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് സ്റ്റേഷനുകളില്‍ ലഭ്യം; ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കും: ജില്ലാ പോലീസ് മേധാവി

ഒഴിവാക്കാനാകാത്ത അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭ്യമാണെന്നും, അതിനു കഴിയാത്തവര്‍ക്ക് അതതു പോലീസ് സ്റ്റേഷനിലെത്തി പാസ് നേടാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഫോട്ടോ പതിപ്പിക്കുകയോ അപേക്ഷ എഴുതി നല്‍കുകയോ വേണ്ടതില്ല. എല്ലാ പോലീസ് സ്റ്റേഷനിലും ഇതിനായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണെന്നും, അപേക്ഷകനെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും, അവരുടെ ഒപ്പ് രജിസ്റ്ററില്‍ പതിക്കേണ്ടതാണെന്നും എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷകന്റെ ഐഡന്റിറ്റി ഹാജരാക്കണം.
      സ്വകാര്യ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് ജോലി ആവശ്യാര്‍ഥം അന്തര്‍ജില്ലാ യാത്ര ചെയ്യുന്നതിന് പാസുകള്‍ സ്റ്റേഷനില്‍ പോയി വാങ്ങേണ്ടതില്ല. എന്നാല്‍, ലോക്കഡൗണ്‍ കഴിയുംവരെ പാസിനായി അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകേണ്ടതും, മറ്റു വീടുകളിലേക്ക് പോകാന്‍ പാടില്ലാത്തതുമാണ്. ഇതു ലംഘിക്കുന്നത് കുറ്റകരമാണ്. ഇവരെ നിരീക്ഷിക്കാന്‍ ജില്ലയിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ എല്ലാ എസ്എച്ച്ഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജീവന്‍രക്ഷാ ഔഷധങ്ങളും മറ്റും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ ജനമൈത്രി പോലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ദുബായിയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന  ആള്‍ക്ക് അടിയന്തിര ചികിത്സക്കാവശ്യമായ മരുന്ന് ഇലവുംതിട്ട ജനമൈത്രി പോലീസ് മുന്‍കൈ എടുത്ത് എത്തിച്ചതില്‍ മുട്ടത്തുകോണം സ്വദേശി മധു ആനന്ദന്‍ നന്ദി അറിയിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനമൈത്രി പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍.സുധാകരന്‍ പിള്ളയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ഇലവുംതിട്ട ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പ്രശാന്ത്, അന്‍വര്‍ഷാ എന്നിവര്‍ചേര്‍ന്ന് കൊറിയര്‍ സര്‍വീസ് മുഖേന മരുന്ന് അയച്ചു കൊടുക്കുകയായിരുന്നു.
        അനധികൃതമായി പാറ, മെറ്റല്‍, മറ്റു ക്രെഷര്‍ ഉത്പന്നങ്ങള്‍ കടത്തുന്നവര്‍ക്കെതിരെ പരിശോധന തുടരുന്നതായും, ഇന്നലെയും ഇന്നും ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടികൂടി നിയമനടപടികള്‍ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വെള്ളി വൈകുന്നേരം മുതല്‍ ശനി ഉച്ചയ്ക്ക് ശേഷം വരെ ലോക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് 187 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 199 പേരെ അറസ്റ്റ് ചെയ്യുകയും 132 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 42 പേര്‍ക്ക് ഇന്നലെ(8) നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
 

date