ചാരായ വാറ്റിനെതിരെ പരിശോധന: നാലു പേര് പിടിയില്‍
ചാരായ വാറ്റും വിപണനവും തടയുന്നതിന് പോലീസ് നടപടി ശക്തമാക്കി. മൂന്നു കേസുകളിലായി നാലു പേര് പിടിയിലായി. അടൂര്‍ കോയിപ്രം, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷം ഷാഡോ പോലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തില്‍ വീട്ടിനുള്ളില്‍ വാറ്റാനായി സൂക്ഷിച്ച ഉപകരണങ്ങള്‍ കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലാണ് അയിരൂര്‍ തൊടുവപ്പുഴ വീട്ടില്‍ മോബിന് (33) പിടിയിലായത്. ഇയാളുടെ വീട് കേന്ദ്രീകരിച്ചു സ്ഥിരമായി ചാരായം വാറ്റുന്നതു സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും ചാരായം വില്‍ക്കുന്നതിലെ സഹായിയുമായ ശ്രീജിത്തിനെ പിടികിട്ടാനുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഷാഡോ പോലീസ് എസ്ഐ എസ് രെഞ്ചു, രാധാകൃഷ്ണന്, എഎസ്ഐ ഹരിലാല്‍, വില്‍സണ്‍, സിപിഒ ശ്രീജിത്ത് എന്നിവരും, കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷ്, എസ്ഐമാരായ രാകേഷ്, രമേശന് എഎസ്ഐ പി.എന്‍ ഹരി കുമാര്‍ , മനോജ്, അജി, എസ്സിപിഒ പ്രബോധ് ചന്ദ്രന്, സിപിഒമാരായ ബിന്ദുലാല്‍, സുദീന്ലാല് എന്നിവരും ഉണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ 11 ന് കുമ്പനാട് നിന്നും ചാരായ വാറ്റ് സംഘത്തിലെ രണ്ടു പേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. 100 ലിറ്റര്‍ കോടയും കണ്ടെടുത്തു. മുഖ്യ സൂത്രധാരനെന്നു കരുതുന്ന കീമാച്ചനെന്നു വിളിപ്പേരുള്ള സുനില്‍ ഒളിവിലാണ്. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് പിടി കിട്ടാനുള്ളത്. കുമ്പനാട് കണിയമുറ്റത്തു റോബി എന്നു വിളിക്കുന്ന രാജന്(40), കപ്പമാമൂട്ടില്‍ റോജിന്‍. കെ. സാമുവേല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കുമ്പനാടുള്ള തമിഴ്നാട് സ്വദേശിയുടെ ഇസ്തിരിക്കടയിലാണ് വാറ്റുചാരായ നിര്‍മാണത്തിന് സൗകര്യമൊരുക്കിയത്.
അടൂര്‍ പള്ളിക്കല്‍ ആലുംമൂട് നിന്നും വ്യാജചാരായവുമായി ഒരാളെ എസ്ഐ അനൂപും സംഘവും പിടികൂടി. ആലുംമൂട് മാധവത്തില്‍ രഘുനാഥന് (50) ആണ് അറസ്റ്റിലായത്. വീടിനു സമീപം പുരയിടത്തില്‍ കന്നാസില്‍ ചാരായം വില്‍പ്പനയ്ക്കായി നിന്നയാള്‍, വെച്ചൂച്ചിറ പോലീസ് പിടികൂടാനുള്ള ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ടു. മണ്ണടിശാല പുത്തന്‍പുരയ്ക്കല്‍ ജ്യോതിഷ് (20) ആണ് രക്ഷപെട്ടത്.
അനധികൃതമായി പാറ, മെറ്റല്‍ എന്നിവ കടത്തിയതിന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലായി ആറു ടിപ്പറുകള്‍ പിടിച്ചെടുത്തു നടപടികള്‍ സ്വീകരിച്ചു. ചാരായ നിര്‍മാണം, പാറ, മെറ്റല്‍ തുടങ്ങിയ ക്രഷര്‍ ഉത്പന്നങ്ങള്‍, പച്ചമണ്ണ് എന്നിവയുടെ കടത്ത് ശക്തമായി തടയുമെന്നും, കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വരുന്നത് കണക്കിലെടുത്തു ജാഗ്രത തുടരണമെന്നും, ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഏവരും പാലിക്കണമെന്നും ലംഘനങ്ങള്‍ക്ക് നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ശനി ഉച്ചക്ക് ശേഷം ഞായര്‍ വൈകിട്ടു വരെ 245 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 248 പേരെ അറസ്റ്റ് ചെയ്യുകയും, 169 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
- Log in to post comments