Skip to main content

ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ നല്‍കല്‍;  ഒന്നാം ഘട്ട വിതരണം ജൂണ്‍ 5ന്

 

ആലപ്പുഴ:  21 ഇനം ഫലവര്‍ഗ്ഗങ്ങളുടെ ഉത്പാദനം സംസ്ഥാനത്ത് ഗണ്യമായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ഉത്പാദിപ്പിച്ച് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ  ഒന്നാം ഘട്ടം ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  ര‍ണ്ടാം ഘട്ട തൈ വിതരണം ജൂലൈ  ആദ്യ ആഴ്ചയില്‍ തിരുവാതിര ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും.  സെപ്റ്റംബര്‍ മാസത്തോടുകൂടി തൈ വിതരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

കൃഷിഭവനുകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ചാണ് പദ്ധതി  നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി. എസ്, സന്നദ്ധ പ്രവര്‍ത്തകള്‍ എന്നിവരുടെ സഹായത്തോടു കൂടി ജില്ലയിലെ വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വളപ്പുകള്‍, സ്‌കൂള്‍ കോമ്പൗണ്ടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്നതാണ്. കൃഷി വകുപ്പിന്റെ കീഴിലുളള ഫാമുകള്‍, വി.എഫ്.പി.സി.കെ.കാര്‍ഷിക കര്‍മ്മസേന/അഗ്രോ സര്‍വ്വീസ് സെന്റര്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗ്രാഫ്റ്റ്, ലെയര്‍ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഒഴികെയുളള ഫലവൃക്ഷതൈകള്‍  പൂര്‍ണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.  ഗ്രാഫ്റ്റ് ലെയര്‍ ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ എന്നിവയ്ക്ക് 25% വില ഈടാക്കും. ബാക്കി തുക പഞ്ചായത്ത് ഫണ്ടില്‍ വകയിരുത്തുന്നതിനുളള നടപടികള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്വീകരിച്ചു വരുന്നു. എം.ജി.എന്‍.ആര്‍.ഇ.ജി. എസ്/അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്ന തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. വനംവകുപ്പില്‍ നിന്നും ലഭിക്കുന്ന തൈകള്‍സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് വിതരണം                    ചെയ്യുന്നതാണ്.ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്കും              യുവാക്കള്‍ക്കും  മുന്‍ഗണന നല്‍കുന്നതാണ്. 

    ഒരു കോടി ഫലവൃക്ഷത്തെ പദ്ധതിയില്‍ ഗുണഭോക്താവാകാന്‍ താത്പര്യമുളള കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ (keralaagriculture.gov.in/krishikeralam.gov.in) ലഭ്യമായ നിര്‍ദ്ദിഷ്ഠ ഫോറത്തിലുളള അപേക്ഷകള്‍ താഴെ പറയുന്ന ഇ.മെയില്‍ ഐ.ഡിയിലേക്ക് ഇ-മെയില്‍ ചെയ്യാവുന്നതാണ്.      fruitplantsalappuzha@gmail.com

    ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുളള സംശയങ്ങള്‍ക്ക് നിവാരണം നടത്തുന്നതിന് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 9446945050, 8714479443.

date