ആലപ്പുഴ ബൈപ്പാസ് : ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി -മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്‍റെ ഭാഗമായ റെയിവേ മേല്‍പ്പാലത്തിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറുടെ അംഗീകാരം ലഭ്യമായതിനെ തുടര്‍ന്ന് കുതിരപന്തിയില്‍ റെയില്‍വേ മേല്‍പ്പാലം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറുമായി മെയ് 30ന് തിരുവനന്തപുരത്ത് നടത്തിയ കൂടികാഴ്ച്ചയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടത്തുന്നതിനും, മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടാറിംഗ് നടത്തുന്നതിനും ധാരണയായതായി മന്ത്രി അറിയിച്ചു.
രൂക്ഷമായ വെള്ളപൊക്കം ഇല്ലെങ്കില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ റെയില്‍വേ മേല്‍പ്പാലത്തി ന്‍റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും പിന്നീടുള്ള രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ടാറിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ബൈപ്പാസ് നാടിന് സമര്‍പ്പിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. അപ്പ്രോച്ച് റോഡുകളുടേയും കളര്‍ക്കോട്-കൊമ്മാടി ജംഗ്ഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഇതേ കാലയളവിന് മുമ്പായി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
- Log in to post comments