ജില്ലയില്‍ ഒമ്പത് ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാവുന്നു
· ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒമ്പത് ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു. കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഡി.എം.ഒ. ഡോ. ആര്‍ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ മൂന്ന് ഘട്ടങ്ങളായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ആദ്യഘട്ടത്തില്‍ പൂതാടി, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ 15 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതില്‍ ഉള്‍പ്പെട്ട 9 ആശുപത്രികളുടെ ഉദ്ഘാടനമാണ് ആഗസ്റ്റ് മൂന്നിന് നടക്കുന്നത്. കേന്ദ്രങ്ങള്‍ (ചെലവഴിച്ച തുക ബ്രാക്കറ്റില്‍): പി.എച്ച്.സി അമ്പലവയല്‍ (19.3 ലക്ഷം), സി.എച്ച്.സി. മേപ്പാടി (16.7 ലക്ഷം), പി.എച്ച്.സി. എടവക (20 ലക്ഷം), പി.എച്ച്.സി. വെള്ളമുണ്ട (11.9 ലക്ഷം), പി.എച്ച്.സി. ചീരാല്‍ (25.7 ലക്ഷം), പി.എച്ച്.സി. തൊണ്ടര്‍നാട് (14.4 ലക്ഷം), പി.എച്ച്.സി. കോട്ടത്തറ (16.5 ലക്ഷം), പി.എച്ച്.സി. പടിഞ്ഞാറത്തറ (20.3 ലക്ഷം), പി.എച്ച്.സി. ചെതലയം (21.1 ലക്ഷം). രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട മറ്റ് ആരോഗ്യകേന്ദ്രങ്ങിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ ആറ് വീതം സി.എച്ച്.സികളും പി.എച്ച്.സികളും ഫാമിലി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തും. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആകുന്നതോടെ ഉച്ചവരെ മാത്രം ഉണ്ടായിരുന്ന ഒ.പി സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെയാകും. ഡോക്ടര്‍മാരുടെ അധിക സേവനവും കൂടുതല്‍ സ്റ്റാഫ് നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി സംവിധാനം, ഇ-ഹെല്‍ത്ത് സംവിധാനം എന്നിവയും ലഭ്യമാക്കും. തിരക്ക് കുറയ്ക്കാന്‍ അധിക ഒ.പി കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിംഗ് കൗണ്ടര്‍, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയിലെറ്റ് സൗകര്യം, സൈനേജുകള്‍, ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ആരോഗ്യബോധവല്‍ക്കരണ സംവിധാനങ്ങള്‍, രോഗീപരിചരണ സഹായികള്‍, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറികള്‍, മാര്‍ഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകള്‍, എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാവുക.
- Log in to post comments