റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഓഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 3.15 കോടി രൂപ ചെലവഴിച്ചാണ് 9650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നു നില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. താഴത്തെ രണ്ടു നിലകളിലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ ക്യാബിന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഓഫീസ് എന്നിവയും മൂന്നാമത്തെ നിലയില്‍ 250 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടെ നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവ പഴയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാനാകും.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു പറഞ്ഞു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും.
- Log in to post comments