കൈനകരി പഞ്ചായത്തില്‍ 23.5 കോടി രൂപയുടെ വികസന പദ്ധതികള്‍: നിര്‍മ്മാണം പൂര്‍ത്തിയായ ബേക്കറി പാലം തുറന്നു കൊടുത്തു
ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന 23.5 കോടി രൂപയുടെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഗതാഗത യോഗ്യമായ ബേക്കറി പാലത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്തു രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 80 ലക്ഷം രൂപ മുടക്കിയാണ് ബേക്കറി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെ തുടര്‍ച്ചയായി മടവീഴ്ചയുണ്ടാകുന്ന വലിയതുരുത്ത് പാടശേഖരത്തിന്റെ പുറംബണ്ട് കല്ലുകെട്ടി സംരക്ഷിക്കാന്‍ അഞ്ച് കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചുള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. ഇതോടെ ബണ്ടില്‍ താമസിക്കുന്ന 300 കുടുംബങ്ങളുടെ ദുരിതത്തിനാണ് അവസാനമാവുക. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പഞ്ചായത്തിലെ ഏറ്റവുമധികം വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന അഞ്ച്, എട്ട്് വാര്‍ഡുകളിലെ പ്രധാന തുരുത്തുകളായ ഊരാളശ്ശേരി, പ്ലാശ്ശേരി, ഭജനമഠം, ഐലന്‍ഡ് എന്നിവ കല്ലുകെട്ടി സംരക്ഷിക്കുന്നതിനായി 7.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നെടുമുടി- കുപ്പപ്പുറം- വേമ്പനാട് കായല്‍തീരം റോഡിന്റെ നിര്‍മാണത്തിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ റോഡിന്റെ അവസാന റീച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. വേമ്പനാട് കായല്‍ തീരത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും. കുട്ടനാടിന്റെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാകുന്ന റോഡാണിത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനു, ജനപ്രതിനിധികള്‍, രാഷ്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments