പെരുമ്പളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇനി കുടുംബാരോഗ്യ കേന്ദ്രം: ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: പെരുമ്പളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി സെന്ററിന് കുടുംബാരോഗ്യ കേന്ദ്രമെന്ന പദവി നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായാണ് പെരുമ്പളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി സെന്ററിന്റേതും നടന്നത്.
ജില്ലയില്‍ കുടുംബാരോഗ്യകേന്ദ്രമാകുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആണ് പെരുമ്പളത്തേത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി അനുസരിച്ചുള്ള എല്ലാ സേവനങ്ങളും ഇനിമുതല്‍ ലഭ്യമാകും.
എന്‍.എച്ച്.എം വഴി 17.5 ലക്ഷം രൂപ ചിലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. ഡെന്റല്‍ യൂണിറ്റ്, കാത്തിരുപ്പ് കേന്ദ്രത്തിന്റെ നവീകരണം, ഐ.പി, ഒ.പി, ആധുനിക രീതിയിലുള്ള ലാബ്, ഇ.സി.ജി, ഫാര്‍മസി മുതലായവയുടെ സൗകര്യങ്ങളും ഇതില്‍ പെടും. നിലവില്‍ ആറ് മെഡിക്കല്‍ ഓഫീസര്‍മാരും പഞ്ചായത്ത് നിയമിച്ച ഈവനിംഗ് ഒ.പിയിലെ ഒരു ഡോക്ടറും ഉള്‍പ്പെടെ ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ്, രണ്ട് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. ദ്വീപ് പഞ്ചായത്തായ പെരുമ്പളത്ത് 13 വാര്‍ഡുകളിലായി പന്ത്രണ്ടായിരത്തില്‍പരം ജനങ്ങളാണ് താമസിക്കുന്നത്. പെരുമ്പളം ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു, ഗ്രാമപഞ്ചായത്ത് അംഗം പി.ഡി സജീവന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments