ആരില്‍ നിന്നും രോഗം പകരാം: ഓഫീസുകളിലും ജാഗ്രത പാലിക്കണം
ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആളുകള്‍ അടുത്ത് ഇടപഴകുന്നത് കൊണ്ടും പലരും പല വീടുകളില്‍ നിന്നും വരുന്നവരായത് കൊണ്ടും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തൊഴിലിടങ്ങളില്‍ വളരെയധികം ജാഗ്രത കാണിക്കണം. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രയിലും ജോലി സ്ഥലത്തും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണം. വഴിയില്‍ ആരെയെങ്കിലും കണ്ടു സംസാരിക്കുകയാണെങ്കില്‍ അകലം പാലിക്കുക. ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പും ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. ഓഫീസിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ചു കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാകുകയോ ചെയ്യേണ്ടതാണ്. പേന, പെന്‍സില്‍, കാല്‍ക്കുലേറ്റര്‍ മുതലായവ കൈമാറി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓഫീസിലെ മേശകള്‍, കസേരകള്‍, അലമാരകളുടെയും വാതിലുകളുടെയും കൈപിടികള്‍, കമ്പ്യൂട്ടര്‍ കീ ബോര്‍ഡുകള്‍, മൗസ് മുതലായവ അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. സഹപ്രവര്‍ത്തകരോട് അകലം പാലിച്ചുകൊണ്ട് സംസാരിക്കുക. യാതൊരു കാരണവശാലും കൂട്ടം കൂടി നില്‍ക്കരുത്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് കഴിക്കാന്‍ ഇരിക്കുക. ശുചിമുറികള്‍ ഉപയോഗിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments