Skip to main content

പ്രളയ മുന്നൊരുക്കം: കാര്‍ത്തികപ്പള്ളി താലൂക്കില്‍ യോഗം ചേര്‍ന്നു

ആലപ്പുഴ: പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്‍ത്തികപ്പള്ളി താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ സജിത ബീഗത്തിന്റെ അധ്യക്ഷതയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ യോഗം ചേര്‍ന്നു. എല്ലാ പഞ്ചായത്തുകളിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കും. വെള്ളപ്പൊക്കം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ സജ്ജീകരിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കൂടുതല്‍ കണ്ടെത്താനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.
താലൂക്ക് പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഹോം ക്വാറന്റൈനിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ പ്രത്യേകം മാറ്റി താമസിപ്പിക്കും. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെഎസ്ഇബി, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘത്തെ എല്ലാ പഞ്ചായത്തുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കിടപ്പുരോഗികള്‍, ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍, വികലാംഗര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി സൂക്ഷിക്കാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ഡി.സി ദിലീപ് കുമാര്‍, കാര്‍ത്തികപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, വി.ഇ.ഒമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
 

date