മുട്ടാര്‍ വില്ലേജ് ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും
ആലപ്പുഴ: മുട്ടാര്‍ വില്ലേജ് ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍ദ്ദേശം. കോവിഡ് പ്രതിരോധ -നിയന്ത്രണ നടപടികളുടെ ഭാഗമായി കുട്ടനാട് താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. മുട്ടാര്‍ വില്ലേജ് ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വില്ലേജ് ഓഫീസിലെ എല്ലാ ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ മറ്റ് വില്ലേജില്‍ നിന്ന് ജീവനക്കാരെ എത്തിച്ചു മുട്ടാര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എല്ലാ പഞ്ചായത്തുകളിലെയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളും കോവിഡിന്റെ പശ്ചാത്തലത്തില്‍ എടുക്കേണ്ട നടപടിക്രമങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ക്യാമ്പുകള്‍ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്താനും യോഗത്തില്‍ തീരുമാനമായി. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ യോഗത്തില്‍ കുട്ടനാട് തഹസില്‍ദാര്‍ റ്റി.ഐ വിജയസേനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments