Skip to main content

പനച്ചമൂട്ടില്‍ കടവ് പാലം യാഥാര്‍ഥ്യമായത് നിരന്തരമായ  ശ്രമത്തിന്റെ ഫലം: മാത്യു ടി തോമസ് എംഎല്‍എ

 

  നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് പനച്ചമൂട്ടില്‍ കടവ് പാലം ഇപ്പോള്‍ യാഥാര്‍ഥ്യമായതെന്ന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ  പറഞ്ഞു. പാലം നിര്‍മ്മിക്കാനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് പാലം യാഥാര്‍ഥ്യമാകാന്‍ ചെറിയ കാലതാമസം നേരിട്ടത്. പലവിധത്തില്‍ ഇടയ്ക്ക് മുടങ്ങിപോയ ഈ പദ്ധതി സാഹസികമായാണ് പൂര്‍ത്തിയാക്കിയത്. ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 500 കോടിയുടെ പദ്ധതികള്‍ തിരുവല്ലയില്‍ നടപ്പാക്കണം എന്നതായിരുന്നു സ്വപ്നം. എന്നാല്‍ ഇപ്പോള്‍ അത് 1000 കോടിയായി വര്‍ധിച്ചു. കിഫ്ബിയില്‍ നിന്നു മാത്രമായി 500 കോടി ലഭിച്ചു. ഉപേക്ഷിച്ചുകളഞ്ഞ തിരുവല്ല ബൈപാസ് പദ്ധതി പുനരാരംഭിച്ചു. ഡിസൈനില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ കരാര്‍ നല്‍കിയാണ് ബൈപാസ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. തിരുവല്ല നഗരസൗന്ദര്യവത്കരണം, അമ്പലപ്പുഴ - തിരുവല്ല റോഡിന്റെ രണ്ടാം ഘട്ടമായ പൊടിയാടി -തിരുവല്ല റോഡ് നിര്‍മ്മാണം, തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് തുടങ്ങി നിരവധി റോഡുകളും പാലങ്ങളുമാണ് സംസ്ഥാന സര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹായത്തോടെ തിരുവല്ല നിയോജക മണ്ഡലത്തില്‍ യാഥാര്‍ഥ്യമാകുന്നതെന്നും എംഎല്‍എ പറഞ്ഞു. 

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, ജില്ലാപഞ്ചായത്തംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനുരാധ സുരേഷ്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു മോന്‍സി, ഹരികൃഷ്ണന്‍, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (പാലങ്ങള്‍) പി.ആര്‍ മഞ്ജുഷ, ആലപ്പുഴ പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.എ.സിനി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (പാലങ്ങള്‍) സി. ബി. സുഭാഷ്‌കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date