മാലിന്യമുക്ത ഗ്രാമങ്ങൾ; ശേഖരിച്ചത് 11 ടൺ അജൈവ മാലിന്യം*
*സര്‍ക്കാര്‍ ഓഫീസുകളും മാലിന്യമുക്തം*
ക്ലീന്‍ കേരളയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിന്നും ഒരാഴ്ച കൊണ്ട് ശേഖരിച്ചത് 11 ടണ്‍ അജൈവ മാലിന്യങ്ങള്‍. വീടുകളിലും പരിസരങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളെ ഒരു കുടക്കീഴില്‍ ഹരിതകേരള മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് അനുദിനം കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നത്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തോറും ഹരിതകര്‍മ്മ സേനകളെ നിയോഗിച്ചാണ് ക്ലീന്‍ കേരള കമ്പനി മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമങ്ങള്‍ തോറും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മികച്ച പിന്തുണയാണ് തുടക്കം മുതല്‍ ലഭിക്കുന്നത്.
ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ വില നല്‍കിയാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുക. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം തരം തിരിക്കാന്‍ ക്ലീന്‍ കേരള കമ്പനി പരിശീലനം നല്‍കുന്നു. തരം തിരിക്കുന്ന അജൈവ മാലിന്യം വില നല്‍കി ഏറ്റെടുക്കും. ഹരിത കര്‍മ്മ സേനയ്ക്ക് ഇതുവഴി വരുമാനമുണ്ടാക്കാം. മാലിന്യ ശേഖരണത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കാനും ഇതുവഴി കഴിയും. ജില്ലയില്‍ 17 ഗ്രാമ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും ആദ്യഘട്ടത്തില്‍ ക്യാമ്പെയിനിന്റെ ഭാഗമായി. 11 ടണ്‍ അജൈവ മാലിന്യം ക്ലീന്‍ കേരള കമ്പനി വില നല്‍കി ശേഖരിച്ചു. ഇതൊരു തുടര്‍പ്രവര്‍ത്തനമായി മുന്നോട്ട് പോകാനാണ് ഹരിത കേരളം മിഷന്‍ തീരുമാനം.
*സര്‍ക്കാര്‍ ഓഫീസുകളും മാലിന്യമുക്തം*
ഹരിത കേരളം മിഷനും ശുചിത്വമിഷനും മുന്‍കൈയ്യെടുത്ത് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിനുള്ള ഗ്രീന്‍ ഓഫീസ് പദ്ധതിക്കും മികച്ച പ്രതികരണം. ജില്ലയിലെ 400 ഓഫീസുകളിലാണ് ഹരിത ഓഡിറ്റ് നടത്തിയത്. 38 ജില്ലാതല ഓഫീസുകള്‍ക്ക് 70 ന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. 23 താലൂക്കുതല ഓഫീസുകളും 3 നഗരസഭകളും 4 ബ്ലോക്ക് പഞ്ചായത്തുകളും 19 ഗ്രാമ പഞ്ചായത്തുകളുമാണ് ആദ്യ ഘട്ടത്തില്‍ യോഗ്യത നേടിയത്. നാളെ (ചൊവ്വ) റിപ്ലബ്ലിക് ദിനത്തില്‍ ഇവര്‍ക്ക് ഗ്രേഡ് പദവിയും സര്‍ട്ടിഫിക്കറ്റും നല്‍കും. 40 പരിശോധന സമിതികള്‍ രൂപീകരിച്ച് ഇവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ജില്ലാതല ഓഫീസുകള്‍, താലൂക്കുതല ഓഫീസുകള്‍ , നഗരസഭ ഓഫീസുകള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍, ഓരോ ഗ്രാമ പഞ്ചായത്ത് പരിധിയിലുമുള്ള 10 ഓഫീസുകള്‍, മുന്‍സിപ്പല്‍ പരിധിയിലുള്ള 20 ഓഫീസുകള്‍ എന്നിവ ഹരിത ഓഡിറ്റിന് വിധേയമാക്കി.
പരിശോധനയില്‍ 70 മുതല്‍ 100 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകളെ എ, ബി, സി ഗ്രേഡുകളുള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. 70 മാര്‍ക്കിന് താഴെ നേടിയ ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് പദവിയും ഗ്രേഡും സര്‍ട്ടിഫിക്കറ്റും നല്‍കില്ല. ഇവര്‍ക്ക് 15 ദിവസത്തെ കാലാവധി നിശ്ചയിച്ച് നല്‍കി പുന:പരിശോധന നടത്തി യോഗ്യത നേടാവുന്നതാണ്. 90 മുതല്‍ 100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡ് , 80 മുതല്‍ 89 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ബി ഗ്രേഡ്, 70 മുതല്‍ 79 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് സി ഗ്രേഡ് എന്നിങ്ങനെയാണ് നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിന്റെ ഭാഗമായി ഓഫീസുകളുടെയും മുഖം മാറുകയാണ്.
- Log in to post comments