*ബഫര്‍ സോണ്‍ കരട് വിജ്ഞാപനം;* *വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി*
ജില്ലയിലെ ജനജീവിതത്തെ ബാധിക്കുന്ന ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ വയനാട് ജില്ലാ പഞ്ചായത്ത് ഐക്യ കണ്ഠേന പ്രമേയം പാസാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അവതരിപ്പിച്ച പ്രമേയത്തെ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍ പിന്താങ്ങി. മുഴുവന്‍ അംഗങ്ങളും ഐകകണ്ഠേന പ്രമേയം അംഗീകരിച്ചു. കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന് വയനാട് ജില്ലാ പഞ്ചായത്ത് പാസാക്കിയ പ്രമേയം അയച്ചു കൊടുക്കും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇനി നടക്കുന്ന മുഴുവന്‍ ഗ്രാമ സഭകളിലും പരിസ്ഥി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം അവതരിപ്പിക്കണം. പ്രമേയം ചര്‍ച്ചയ്ക്ക് വിധേയമാക്കാനും ഇതിന്റെ മിനുട്സ് കേന്ദ്ര വനമന്ത്രാലയത്തിന് അയച്ച് കൊടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍ദ്ദേശം നല്‍കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കേന്ദ്ര വനമന്ത്രാലയത്തെ അറിയിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക സാമൂഹ്യ സംഘടനകളുടെയും വായനശാലകളുടെയും അക്ഷയകേന്ദ്രങ്ങളുടെയും പങ്കാളിത്തത്തോടെ മാസ് മെയിലിങ്ങ് കാമ്പെയിനിന് നേതൃത്വം നല്‍കാനും ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
കരട് വിജ്ഞാപനം റദ്ദ് ചെയ്യുന്നതിന് ഈ നാട് ഒറ്റകെട്ടായി നില്ക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിന്നെല്ലാം കരട് വിജ്ഞാപനത്തിനെതിരെയുള്ള കൂട്ടായ്മകള്‍ ഉയര്‍ന്ന് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍മാരായ ഉഷാതമ്പി, ബിന്ദുജോസ്, എം. മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി തുടങ്ങിയവരും മറ്റംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
- Log in to post comments