Skip to main content

ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി അംഗീകരിച്ചു

 

ജില്ലയിലെ 25 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പന്തളം നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളായ മല്ലപ്പള്ളി, പറക്കോട്, കോന്നി, ഗ്രാമപഞ്ചായത്തുകളായ ചെന്നീര്‍ക്കര, ഇലന്തൂര്‍, ഇരവിപേരൂര്‍, എഴുമറ്റൂര്‍, കടമ്പനാട്, കോയിപ്രം, മല്ലപ്പള്ളി, മല്ലപ്പുഴശേരി, മൈലപ്ര, നാറാണംമൂഴി, പന്തളം തെക്കേക്കര, പ്രമാടം, റാന്നി അങ്ങാടി, തോട്ടപ്പുഴശേരി, വടശേരിക്കര, ഏനാദിമംഗലം, കവിയൂര്‍, നാരങ്ങാനം, നെടുമ്പ്രം എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി ഭേദഗതി കൂടാതെ ഡിപിസിക്ക് സമര്‍പ്പിച്ചു. 

സംയുക്ത പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ആവശ്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം  ഉടന്‍ അറിയിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി തുക ഫലപ്രദമായും സമയബന്ധിതമായും വിനിയോഗിക്കുന്നെന്ന് തദ്ദേശസ്ഥാപന അധ്യക്ഷന്മാരും നിര്‍വഹണ ഉദ്യോഗസ്ഥരും ഉറപ്പാക്കണം. വാര്‍ഷിക പദ്ധതിയില്‍ ഗെയിംസിന് തുക വകയിരുത്താത്ത 13 തദ്ദേശസ്ഥാപനങ്ങളുണ്ട്. വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ഇത് ഉള്‍പ്പെടുത്തുന്നതിന് ഈ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സ്പില്‍ ഓവര്‍ പദ്ധതികളുടെ കണക്ക് ക്രമീകരിച്ച് ഡിപിസിക്ക് സമര്‍പ്പിക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഇതിനാവശ്യമായ നടപടി എത്രയും വേഗം സ്വീകരിക്കണം. യുവജനക്ഷേമ ബോര്‍ഡിന്റെ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയോ, ആളില്ലാതിരിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ എത്രയും വേഗം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൂടി പകരം ആളെ തീരുമാനിക്കുകയും ഈ വിവരം ജില്ലാ പ്ലാനിംഗ് ഓഫീസിലും ജില്ലാ യുവജനക്ഷേമ ഓഫീസിലും അറിയിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എലിസബത്ത് അബു, ബിനി ലാല്‍,  തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                  (പിഎന്‍പി 2096/18)

date