Skip to main content

പി.എസ്.സി ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗഹൃദാന്തരീക്ഷമൊരുക്കി പി.എസ്.സിയുടെ ജില്ലയിലെ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കമ്മീഷനംഗം എം.കെ രഘുനാഥന്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ സെന്ററുള്ള ഏക ജില്ല പത്തനംതിട്ടയാണെന്നും ഇ-ഓഫീസ് വരുന്നതോടെ ഓഫീസ് പൂര്‍ണമായും പേപ്പര്‍ രഹിതമാകുമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഉടനെ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്ത് നിയമനം നല്‍കുന്നതിന് മാരത്തോണ്‍ പ്രവര്‍ത്തനങ്ങളാണ് കമ്മീഷന്‍ നടത്തി വരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സിയെ അപേക്ഷിച്ച് എല്ലാം ഫലപ്രദമായ രീതിയില്‍ കേരള പി.എസ്.സി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഡീ.സെക്രട്ടറി ആര്‍.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഇ-ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.മനോജ് വിശദീകരിച്ചു. ഫയല്‍ നീക്കത്തില്‍ വേഗത, സുതാര്യത, കാര്യക്ഷമത എന്നിവ ഉറപ്പ് വരുത്തുന്ന ഇ-ഓഫീസ് സോഫ്റ്റ്‌വെയര്‍ എന്‍ഐസിയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ആറ് മാസത്തേക്ക് ഒരു സപ്പോര്‍ട്ട് എഞ്ചിനീയറുടെ സഹായവും ലഭ്യമാക്കും. കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ ജി. ജോയി, ജോയിന്റ് സെക്രട്ടറി എ.രവീന്ദ്രന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ജിജി ജോര്‍ജ്, അണ്ടര്‍ സെക്രട്ടറി അന്‍വര്‍ സാദത്ത്, പി.എസ്.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                  (പിഎന്‍പി 2102/18)

date