മഴക്കെടുതി: ജില്ലയെ ദുരിതമേഖലയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വികസന സമിതി
അപ്പര്‍കുട്ടനാട് അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിട്ട മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ അര്‍ഹമായ ധനസഹായം ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന് ജില്ലാ വികസന സമിതി. ജില്ലയെ ദുരിത മേഖലയായി പ്രഖ്യാപിക്കാന്‍ മഴക്കെടുതി സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് \ല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടരുതെന്ന് വീണാജോര്‍ജ് എംഎല്‍എയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും യോഗത്തില്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൃഷിനാശവും റോഡുകള്‍ എന്നിവയും നശിച്ചിട്ടുണ്ട്. ഇത് അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് അധികൃതരുടെ കൂട്ടായ പ്രയത്നം ആവശ്യമാണ്. അര്‍ഹരായവര്‍ക്കെല്ലാം സഹായധനം എത്രയും പെട്ടെന്ന് ലഭ്യമാക്കണം.
എലിക്കോട്, നീര്‍വിളാകം, ഓതറ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇവിടെ ജനങ്ങളുടെ ദുരിതം വിട്ടൊഴിഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള സംവിധാനം ഒരുക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. പലയിടത്തും കിണറുകളും ശൗചാലയങ്ങളും വെള്ളക്കെട്ടുകളാല്‍ ഉപയോഗശൂന്യമായിട്ടുണ്ട്. ഇവിടെ പമ്പ് സെറ്റ് ഉപയോഗിച്ച് കിണറുകളിലെ വെള്ളം വറ്റിച്ചശേഷമേ ഉപയോഗിക്കാന്‍ സാധിക്കൂ. എലിക്കോട് കോളനിയില്‍ നേരിട്ട് സന്ദര്‍ശിച്ച് കാര്യം ബോധ്യപ്പെട്ടതാണെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും എംഎല്‍എ പറഞ്ഞു. ഐരാണിക്കുഴിയിലെ ഇറിഗേഷന്‍ വകുപ്പിന്റെ ഷട്ടര്‍ തുറക്കുന്നതിലെ സാങ്കേതിക വശങ്ങള് പരിഹരിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍എ പറഞ്ഞു. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ദീര്‍ഘവീഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കണം. മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍തന്നെ കൊടുമണ്‍-ഒറ്റത്തേക്ക്, അടൂര്‍-ശാസ്താംകോട്ട റോഡ്, കല്ലുകുഴി-മലനട റോഡ്, ആനയടി-കൂടല്‍ തുടങ്ങി തകര്‍ന്നു കിടക്കുന്ന എല്ലാറോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. അടൂര്‍ ഗവ.ആശുപത്രിയുടെ മാലിന്യനിര്‍മാര്‍ജന പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പുതിയകാവ് ചിറ, നെടുംകുന്ന് മല ടൂറിസം പദ്ധതികളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ തകര്‍ന്ന റോഡുകളുടെ നിര്‍മാണത്തിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് രാജു എബ്രഹാം എം എല്‍ എ ആവശ്യപ്പെട്ടു. വനഭൂമിയോട് ചേര്‍ന്നുള്ള വസ്തുവിന് ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് അനുവദിക്കുന്നതില്‍ റവന്യൂ അധികൃതര്‍ നടത്തുന്ന മെല്ലെപ്പോക്ക് സമീപനം മാറ്റണമെന്നും ഇത്തരം പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം എല്‍ എ പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ 47 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കുന്നതിന് അടിയന്തരമായി പന്നിവേലിച്ചിറ ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണം. കൂടംകുളം വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് വീടുകള്‍, മരങ്ങള്‍ എന്നിവയ്ക്കും ടവര്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലത്തിനുമുള്ള കോമ്പന്‍സേഷന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും എം എല്‍ എ പറഞ്ഞു.
കോന്നി താലൂക്ക് ആശുപത്രിയില്‍ ഒഴിവുള്ള നഴ്സുമാരുടെയും ഇ സി ജി ടെക്നീഷ്യന്റെയും ഒഴിവ് എത്രയും പെട്ടെന്ന് നികത്തണമെന്ന് അടൂര്‍ പ്രകാശ് എം എല്‍ എ ആവശ്യപ്പെട്ടു. ഗ്രേഡ് രണ്ട് ഫാര്‍മസിസ്റ്റ് ഒഴിവുകളില്‍ ജില്ലയില്‍ നിയമനം നടക്കുന്നില്ലെന്ന പരാതിയില്‍ ഡി എം ഒ .യുടെ അടിയന്തര ശ്രദ്ധവേണം. കോന്നി ഫയര്‍സ്റ്റേഷന്റെ നിര്‍മാണം അടിയന്തരമായി ആരംഭിക്കണം. ചിറ്റാര്‍ ഗവ. ആശുപത്രിയുടെ നിര്‍മാണം വേഗത്തിലാക്കണം. എലിമുള്ളും പ്ലാക്കല്‍ ഗവ.എച്ച് എസ് എസിലെ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഫോറസ്റ്റ് വകുപ്പ് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും എം എല്‍ എ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകള്‍ അധികമായി ചുമത്തുന്ന സെന്റേജ് ചാര്‍ജ് ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.അങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ അനധികൃത മണലെടുപ്പും ഖനനവും നിയന്ത്രിക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആന്റോആന്റണി എം പിയുടെ പ്രതിനിധി കെ ജയവര്‍മ യോഗത്തില്‍ ആവശ്യപ്പെട്ടു. കെ എസ് ആര് ടി സിയുടെ തിരുവല്ല, മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നും ജില്ലയുടെ കിഴക്കന്‍ പ്രദേശത്തേക്ക് രാത്രികാല സര്‍വീസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ ഡി എം പി.റ്റി എബ്രഹാം, ജില്ലാ പ്ലാനിങ് ഓഫീസര്‍ സോമസുന്ദരലാല്‍, അടൂര്‍ ആര് ഡി ഒ എം.എ റഹിം, തിരുവല്ല ആര് ഡി ഒ ടി.കെ വിനീത്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 2113/18)
- Log in to post comments