Skip to main content
\ിയമസഭയുടെ കായികവും യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ചെയര്‍മാന്‍ റ്റി.വി.രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന സമിതി യോഗം.

ജില്ലാ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം :  സ്റ്റേഡിയത്തിന്റെ സ്ഥലം കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യും - നിയമസഭാ സമിതി

 

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ വികസനത്തിന് കിഫ്ബിയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 50 കോടി രൂപയ്ക്ക് പുറമേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആറ് കോടി രൂപ കൂടി ലഭിച്ചിട്ടുള്ളതിനാല്‍ ഇതും കൂടി ചേര്‍ത്ത് ലോകോത്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് നിയമസഭയുടെ കായികവും യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ റ്റി.വി.രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അംഗങ്ങളായ എം.സ്വരാജ് എംഎല്‍എ, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി ഈ അഭിപ്രായം ഉന്നയിച്ചത്.   കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് 15 കോടി രൂപ അനുവദിക്കാമെന്നാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആറ് കോടി രൂപ ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേയാണ് എംപി ഫണ്ട് ഉപയോഗിച്ച് പൂന്തോട്ടം നിര്‍മിക്കുന്നതിന് ശുപാര്‍ശയുള്ളത്.  15 ഏക്കറാണ് ജില്ലാ സ്റ്റേഡിയത്തിന് ലഭ്യമായിട്ടുള്ളത്. ഇതില്‍ മൂന്ന് ഏക്കറാണ് എംപി ഫണ്ട് ഉപയോഗിച്ച് പൂന്തോട്ടം നിര്‍മിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ജില്ലാ സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തിരുന്നത്. ഇതില്‍ നിന്ന്      വ്യത്യസ്തമായി സ്റ്റേഡിയത്തിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കായിക രംഗത്തോടുള്ള വെല്ലുവിളിയാണ്.  സര്‍ക്കാര്‍ കായിക വികസനത്തിന് മുന്തിയ പരിഗണന നല്‍കുന്ന സാഹചര്യത്തില്‍ കായിക ആവശ്യങ്ങള്‍ക്ക് മാറ്റിവച്ചിട്ടുള്ള സ്റ്റേഡിയങ്ങളില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല എന്ന ശുപാര്‍ശ സമിതി നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലാണ് ജില്ലാ സ്റ്റേഡിയം. നഗരസഭ വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 13 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് ഇപ്പോള്‍ തയാറാക്കിവരുന്നത്. 15 ഏക്കറിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതായിരിക്കും ദീര്‍ഘകാല അടിസ്ഥാനത്തില്‍ കായിക വികസനത്തിന് സഹായകമാകുക. വിവിധ ഏജന്‍സികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സ്റ്റേഡിയത്തിന്റെ സ്ഥലം ഭാഗംവച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന പത്തനംതിട്ടയുടെ ചിരകാല സ്വപ്നത്തിന് വിലങ്ങുതടിയാകും. ഇത് ഒഴിവാക്കുന്നതിന് നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ക്കാരും ഒത്തുചേര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ളവയും ഏകോപിപ്പിച്ച് ഒരു സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയാറാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂത്തിയാക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. തിരുവല്ലയിലെ സ്വിമ്മിംഗ് പൂളില്‍ ചോര്‍ച്ചയുള്ളതിനാല്‍ കാര്യക്ഷമമായ ഉപയോഗം നടക്കുന്നില്ലായെന്ന പരാതി സമിതി മുമ്പാകെ ലഭിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചതില്‍ ചെറിയ തുക ചെലവാക്കി അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ചോര്‍ച്ച അടയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. നീന്തല്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിന് സ്വകാര്യ സ്വിമ്മിംഗ് പൂളുകളില്‍ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ഇത് ഒഴിവാക്കുന്നതിന് സ്വിമ്മിംഗ് പൂളിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉപയോഗയോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് സമിതി നിര്‍ദേശം നല്‍കി. ജില്ലാ സ്റ്റേഡിയത്തിന്റെ റീസര്‍വെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സമിതി ശുപാര്‍ശ നല്‍കും. സ്‌പോര്‍ട്‌സ് പാഠ്യവിഷയമാക്കുക, എല്ലാ സ്‌കൂളുകളിലും കായിക അധ്യാപകരെ നിയമിക്കുക എന്നീ ശുപാര്‍ശകള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കായിക അധ്യാപകരുടെ വേതനം വെട്ടിക്കുറച്ചത് സംബന്ധിച്ച പരാതിയില്‍ സമിതി അന്വേഷണം നടത്തും. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഓണറേറിയം അപര്യാപ്തമാണെന്ന പരാതികള്‍ സമിതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. 

കെഎസ്ആര്‍ടിസി റാങ്ക് ലിസ്റ്റില്‍ നിന്നും അഡൈ്വസ് ലഭിച്ച 4051 പേര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നിയമനം നല്‍കാത്തത് സംബന്ധിച്ച വിഷയം റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി എംഡിയെ വിളിച്ചുവരുത്തി സമിതി തെളിവെടുത്തിരുന്നതായും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ള 4051 പേര്‍ക്ക് ഒഴിവുവരുന്ന മുറയ്ക്ക് മാത്രമേ നിയമനം നല്‍കുവാന്‍ കഴിയൂ എന്ന് അറിയിച്ചിട്ടുള്ളതായും സമിതി പറഞ്ഞു. 

യോഗത്തില്‍ എഡിഎം പി.റ്റി.എബ്രഹാം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്        കെ.അനില്‍കുമാര്‍, നിയമസഭാ സമിതി ഉദ്യോഗസ്ഥന്‍ ഡി.പ്രസാദ്, കായിക സംഘടനാ ഭാരവാഹികളായ രഞ്ജി ജേക്കബ്, പ്രൊഫ.ഉമ്മന്‍ ജേക്കബ്, പ്രസന്നകുമാര്‍, വിവിധ കായിക സംഘടനാ പ്രതിനിധികള്‍, കായിക പരിശീലകര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                              (പിഎന്‍പി 2147/18)

date