തിരുവല്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു ജില്ലയില്‍ 5031 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍
തിരുവല്ലയിലെ അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തിലുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പ്രളയക്കെടുതി രൂക്ഷമായ കടപ്ര, നിരണം വില്ലേജുകളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രളയക്കെടുതി നേരിടുന്ന എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ജില്ലാ കളക്ടര്‍ നേതൃത്വം നല്കി. കടപ്ര വില്ലേജിലെ മാന്നാര്‍ രണ്ടാം കുരിശിലുള്ള നവദര്‍ശന ചാരിറ്റബിള്‍ സൊസൈറ്റി കെട്ടിടത്തിലെ ക്യാമ്പ്, മോടിശേരി എല്‍പി സ്കൂള്‍ ക്യാമ്പ്, നിരണം കിഴക്കുഭാഗം എംഡിഎല്‍പിഎസ് ക്യാമ്പ്, നിരണം തേവേരി ലീലാമ്മയുടെ ഭവനത്തിലെ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ വിലയിരുത്തുകയും റവന്യു ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ജില്ലയില്‍ 42 ദുരിതാശ്വാസ ക്യാമ്പുകളിലായി 1255 കുടുംബങ്ങളിലെ 5031 ആളുകളാണ് കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 33 ക്യാമ്പുകളിലായി 1126 കുടുംബങ്ങളിലെ 4544 പേരും കോഴഞ്ചേരി താലൂക്കില്‍ ഒമ്പത് ക്യാമ്പുകളിലായി 129 കുടുംബങ്ങളിലെ 487 പേരും ക്യാമ്പുകളി ല്‍ കഴിയുന്നു.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശ്ശേരി വില്ലേജിലെ എം ടി എല്‍ പി എസ്, ചെറുപുഷ്പം സ്കൂള്‍, എ എം എം ടി.ടി.ഐ സ്കൂള്‍, കുറ്റൂര്‍ വില്ലേജിലെ തെങ്ങേലി സാസ്കാരിക നിലയം, കോയ്പ്പുറം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എല്‍ പി എസ്, പുലരിക്കാട് ഇ എ എല്‍.പി.എസ്, നുഖത്തല സാംസ്കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാള്‍, കല്ലുങ്കല്‍ എം ടി എല്‍.പി.എസ്, അമിച്ചക്കരി എം ഡി എല്‍.പി.എസ്, കടപ്ര വില്ലേജിലെ തേവര്‍ക്കുഴി എം ഡി എല്‍.പി.എസ്, മാന്നാര്‍ എം എസ് എം യു പി എസ്, വടക്കുംഭാഗം സെന്‍ട്രല്‍ എല്‍ പി എസ്, തോക്കനടി പാരിഷ് ഹാള്‍, വളഞ്ഞവട്ടം പി ആര് എഫ്, തേവേരില്‍ എല്‍പിഎസ്, രണ്ടാംകുരിശ് വായനശാല, ശക്തിമംഗലം എംഡിഎല്‍പിഎസ്, കണ്ണച്ചേരില്‍ സ്കൂള്‍, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്കൂള്‍, നിരണം വെസ്റ്റ് എം ടി എല്‍.പി.എസ്, ആശാന്‍കുടി അങ്കണവാടി, കൊമ്പന്‍കേരി എംഡിഎല്‍പിഎസ്, എലത്തൊടി സെന്റ് ജോര്‍ജ് യുപിഎസ്, പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് സ്കൂള്‍, ചാത്തങ്കരി ന്യൂ എല്‍.പി.എസ്, ചാത്തന്കേരി അങ്കണവാടി, ചാത്തന്‍കരി ബസാര്‍കടവ് ഹാള്‍, കൊക്കാട് ചാപ്പല്‍, ചാത്തങ്കരി പകല്‍വീട്, മേപ്രാല്‍ ഗവണ്മെന്റ് എല്‍പിഎസ്, കാവുംഭാഗം വില്ലേജിലെ ദേവമാത ചര്‍ച്ച് ഓഡിറ്റോറിയം എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യമ്പുകള്‍.
കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാള്‍, എഴിക്കാട് നഴ്സറി സ്കൂള്‍, കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്, വല്ലന എസ് എന്‍ ഡി പി സ്കൂള്‍, നീര്‍വിളാകം എം ഡി എല്‍.പി.എസ്, ആറന്മുള വില്ലേജിലെ മാലക്കര ഗവ.യു പി എസ്, ആറാട്ടുപുഴ ഗവ. യു പി എസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എം ടി എല്‍.പി.എസ്, കുറുന്താര്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. (പിഎന്‍പി 2328/18)
- Log in to post comments