പന്തളം നഗരസഭയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രതേ്യക പാക്കേജ് അനുവദിക്കണം - ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
പ്രളയക്കെടുതിയില്‍ പന്തളം നഗരസഭയിലെ മിക്ക റോഡുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായതിനാല്‍ ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പ്രതേ്യക പാക്കേജ് നടപ്പാക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പന്തളത്തെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പന്തളം ദേവസ്വംഹാളില് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. പൊതുമരാമത്ത് വകുപ്പുകളുടെ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പുനരുദ്ധരിക്കുന്നതിന് കഴിയാത്ത സാഹചര്യത്തില്‍ ഇതിനായി പ്രതേ്യക സഹായം ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം എന്ന നിലയില്‍ പന്തളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധരിക്കേണ്ടതുണ്ട്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, മഹാദേവര്‍ക്ഷേത്രം എന്നിവിടങ്ങളില്‍ അച്ചന്‍കോവിലാറിന്റെ തീരങ്ങള്‍ പ്രളയത്തില്‍ ഇടിഞ്ഞിട്ടുള്ള സാഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ സ്ഥലങ്ങള്‍ സീസണിന് മുമ്പ് പൂര്‍വസ്ഥിതിയിലാക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു. (പിഎന്‍പി 3044/18)
- Log in to post comments