'വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാനുള്ള അടിത്തറ പാകുകയാണ് നവകേരളം' -ജില്ലാ ലൈബ്രറി സംഗമവും അക്ഷര പുരസ്‌കാര വിതരണവും നടത്തി
വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാനുള്ള അടിത്തറ പാകുകയാണ് നവകേരളമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു. എന്റെ കേരളം മേളയിൽ ജില്ലാ ലൈബ്രറി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ സമ്പൂർണ്ണ വൈജ്ഞാനിക മുന്നേറ്റം കൈവരിച്ച നാട് കേരളമാണ്. വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കാൻ സംസ്ഥാനത്തെ പതിനായിരത്തോളം ഗ്രന്ഥശാലകൾ വഹിച്ച പങ്ക് വലുതാണ്.
'ബഹുസ്വര സംസ്കാരത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ സെമിനാറും ഇതോടൊപ്പം സംഘടിപ്പിച്ചു. ഇന്ത്യൻ യൂണിയൻ എന്ന ഏക രാഷ്ട്രത്തിന്റെ അന്ത:സത്ത ബഹുസ്വരതയാണെന്നും ഭൂരിപക്ഷ,
ന്യൂനപക്ഷ വർഗീയതകൾ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വിള്ളലേൽപ്പിക്കുകയാന്നെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മതങ്ങളുടെ മേൽ പൗരോഹിത്യ ആധിപത്യം കടന്നു വരാൻ തുടങ്ങിയപ്പോഴാണ് മതങ്ങൾക്ക് വഴി തെറ്റിയതെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച വി കെ മധു പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി എസ് ചന്ദ്രിക, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ, ജോയിന്റ് സെക്രട്ടറി പി കെ ബാബുരാജ് എന്നിവർ സംസാരിച്ചു. ജോയി പാലക്കാമൂല, വിഷ്ണു പ്രസാദ്, ഹാരിസ് നെന്മേനി എന്നിവർക്ക് വയനാട് അക്ഷര പുരസ്കാരം -ഷീബ എസ് ജില്ലയിലെ മികച്ച ലൈബ്രേറിയൻ
ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2024- 2025 വർഷത്തെ അക്ഷരപുരസ്‌കാരം വിതരണം ചെയ്തു. മികച്ച നോവലായി ഹാരിസ് നെന്മേനിയുടെ 'പാലം' തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച കവിത പുരസ്‌കാരം വിഷ്ണു പ്രസാദിന്റെ 'പൂക്കളുടെ ഭാഷ' നേടിയപ്പോൾ ജോയി പാലക്കാമൂലയുടെ 'കറുപ്പൻ' ആണ് മികച്ച കഥ. മികച്ച വൈജ്ഞാനിക സാഹിത്യകൃതിയായി കെ പി ദീപയുടെ 'വയനാടൻ ചിത്രലിഖിതങ്ങൾ' തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാര ജേതാക്കൾക്ക് 3000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും എഴുത്തുകാരി സി എസ് ചന്ദ്രിക വിതരണം ചെയ്തു. മാതൃഭൂമി ചെറുകഥ പുരസ്കാരം നേടിയ അതുൽ പൂതാടിയെ ചടങ്ങിൽ ആദരിച്ചു.
ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പോക്കർ മാസ്റ്റർ സ്മാരകപുരസ്കാരം മാനന്തവാടി നിർമ്മല ലൈബ്രറി ആട്‌സ് & സ്പോട്‌സ് ക്ലബ്ബ്, ആലാറ്റിൽ നേടി. മാനന്തവാടി താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി പൂളക്കൽ ഗോത്ര ദീപം ഗ്രന്ഥാലയം ഇ കെ മാധവൻ നായർ സ്മാരക പുരസ്കാരവും വൈത്തിരി താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി പാറത്തോട് ഭാവചിത്ര ഗ്രന്ഥശാല കെ കുഞ്ഞിദ്-പി അഹമ്മദ് സ്മാരക പുരസ്കാരവും
സുൽത്താൻ ബത്തേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി മണൽവയൽ ഗാലക്‌സി ലൈബ്രറിക്ക് ടിസി ജോൺ സ്മാരക പുരസ്കാരവും നൽകി.
ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള എം ബാലഗോപാലൻ സ്മാരക പുരസ്കാരം ദർശന ലൈബ്രറി
ചീക്കല്ലൂരിലെ ഷീബ എസ് നേടി. സുൽത്താൻ ബത്തേരി താലൂക്കിലെ മികച്ച ലൈബ്രേറിയനുള്ള കെ എസ് ടെന്നിസൺ മാസ്റ്റർ സ്മാരക പുരസ്കാരം ഈസ്റ്റ് ചീരാൽ വായനശാല ലൈബ്രറിയൻ ജിഷ മനോജും
മാനന്തവാടി താലൂക്കിൽ മികച്ച ലൈബ്രറിയയായി കമ്മന മംഗളോദയം വായനശാലയിലെ ഇ പി വിലാസിനിയും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ വായനാ മത്സരവിജയികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, അംഗങ്ങളായ എ ടി ഷണ്മുഖൻ, എ എൻ ജോർജ്, എം സദാനന്ദൻ, എ കെ രാജേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വിശാലാക്ഷി, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ടി സുഗതൻ, സെക്രട്ടറി ആർ അജയകുമാർ, സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വാസു, സെക്രട്ടറി പി കെ സത്താർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രവീന്ദ്രൻ, സെക്രട്ടറി സി എം സുമേഷ്, ജില്ലാ ലൈബ്രറി ചെയർമാൻ ഇ കെ ബിജുജൻ എന്നിവർ സമ്മാനദാനം നടത്തി.
- Log in to post comments