Skip to main content
'കെ-സ്മാർട്ട്‌: സ്മാർട്ടാകുന്ന കേരളം' എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ

കെ-സ്മാർട്ട് സുതാര്യത ഉറപ്പാക്കി ജനാധിപത്യ വ്യവസ്‌ഥ ശക്തിപ്പെടുത്തുന്നു' -'കെ-സ്മാർട്ട്‌: സ്മാർട്ടാകുന്ന കേരളം' സെമിനാർ നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കി ജനാധിപത്യ വ്യവസ്‌ഥയെ ശക്തിപ്പെടുത്തുകയാണ് കെ-സ്മാർട്ട് പോലുള്ള ഭരണപരിഷ്ക്കാരങ്ങളെന്ന് മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി. എന്റെ കേരളം മേളയുടെ നാലാം ദിവസം 'കെ-സ്മാർട്ട്‌: സ്മാർട്ടാകുന്ന കേരളം' എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ ഇന്ത്യക്ക് വഴികാട്ടിയായ് കേരളം മുന്നേറുകയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷകനായ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ സി കെ അജീഷ് അഭിപ്രായപ്പെട്ടു.

'തദ്ദേശ സ്ഥാപനങ്ങളും  ഇ-ഗവേണൻസും' എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സജി തോമസും  'കെ-സ്മാർട്ടും സേവനങ്ങളും' എന്ന വിഷയത്തിൽ വകുപ്പ് സീനിയർ സൂപ്രണ്ട്  കെ ശ്രീജിത്തും  വിഷയാവതരണം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് കെ-സ്മാർട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് പുറത്തിറക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ & ട്രാൻഫർമേഷൻ വികസിപ്പിച്ചത്.

കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് നടപ്പാക്കിയിരുന്നത്. ഈ മാസം ഒന്ന് മുതൽ കെ-സ്മാർട്ട് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കും നടപ്പാക്കി വരികയാണ്.
കെ-സ്മാർട്ട് ലോഗിൻ ചെയ്യുന്ന പൊതുജനങ്ങൾക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂകയുള്ളൂ.

തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ആവശ്യങ്ങളായ
ബിൽഡിംഗ്‌ പെർമിറ്റ്‌,  വസ്തു നികുതി, കെട്ടിട നികുതി, സിറ്റിസൺ ലോഗിൻ, സംയുക്ത പരാതികളും മാസ്സ് പെറ്റീഷനും എങ്ങനെ തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിക്കാം, വിവിധ സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, തുടങ്ങിയവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട  അവബോധം  സെമിനാർ നൽകി.    

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ടൗൺ പ്ലാനർ റെനി എൽ ജെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്‌ എന്നിവർ സംസാരിച്ചു. 600 ഓളം പേർ പങ്കെടുത്തു.

date