*ദ്വാരകയിൽ ബസ് ബേ ഒരുങ്ങുന്നു*
*-സാക്ഷാത്കരിക്കുന്നത് നാടിന്റെ ദീർഘനാളത്തെ ആവശ്യം*
ഒരു നാടിന്റെ വർഷങ്ങളായുള്ള ആവശ്യം സാക്ഷാത്ക്കരിക്കുകയാണ് എടവക ഗ്രാമപഞ്ചായത്തിൽ. എടവക ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ദ്വാരകയിൽ നിർമിച്ച ബസ് ബേയാണ് ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നത്.ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണ് ദ്വാരക. പ്രതിദിനം 5000 ത്തോളം വിദ്യാർത്ഥികൾ വന്നുപോകുന്ന എടവക ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗൺ. ഇവിടെ ബസ് ബേ വേണമെന്ന പൊതുജന ആവശ്യത്തെ തുടർന്ന് 2015ലെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ബസ് ബേ തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തുക എന്നതായിരുന്നു വലിയ പ്രയാസം. പ്രധാനപ്പെട്ട റോഡായ മാനന്തവാടി - കോഴിക്കോട് റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 20 സെൻ്റ് സ്ഥലം വിട്ട് നൽകാൻ മാനന്തവാടി രൂപത തയ്യാറായത് പദ്ധതി നിർവഹണത്തിൽ നാഴികകല്ലായി മാറി. തുടർ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും പ്രളയവും, ശേഷം കോവിഡും പദ്ധതിയുടെ താളം തെറ്റിച്ചു.മലയോര ഹൈവേ റോഡ് വികസനത്തിൻ്റെ ഭാഗമായി ദ്വാരകയിൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയതും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമായി. ഇതോടെ ബസ് ബേ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയായിരുന്നു. കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങൾ, ശുചി മുറി, കോഫി ഷോപ്പ് എന്നിവ ബസ് ബേയിൽ സജ്ജീകരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്കായി ബസ് ബേയിലേക്ക് നടപ്പാതയും നിർമ്മിക്കും.
ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തികൾ നടത്തിയത്.ഗതാഗത ഉപദേശക സമിതിയുടെ അനുമതി ലഭിച്ചാലുടൻ ബസ് ബേ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
- Log in to post comments