Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : ഇനി നിശബ്ദ പ്രചാരണം സാമൂഹ്യമാധ്യമ പ്രചാരണത്തിനും വിലക്ക്

നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ 9 വൈകിട്ട് 6 വരെയുള്ള 48 മണിക്കൂര്‍ സമയം സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ടെലിവിഷനിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ വോട്ട് അഭ്യര്‍ഥന ഉള്‍പ്പെടെ യാതൊരുവിധ തിരഞ്ഞെടുപ്പ് പ്രചാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.  ദ്യശ്യ-ശ്രവ്യ, പത്രമാധ്യമങ്ങള്‍, സാമൂഹ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെ അഭിപ്രായ സര്‍വേ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.
പരസ്യ പ്രചാരണ സമാപനത്തിന് ശേഷം ഇനി അവശേഷിക്കുന്നത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നിശബ്ദ പ്രചാരണ സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പൊതുയോഗം പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ഘോഷയാത്രയോ വിളിച്ചുകൂട്ടുക, നടത്തുക, പങ്കെടുക്കുക, അഭിസംബോധന ചെയ്യുക എന്നിവയ്ക്ക് നിരോധനമുണ്ട്. വീഡിയോ, ടെലിവിഷന്‍, റേഡിയോ, കേബിള്‍ നെറ്റ് വര്‍ക്ക് അല്ലെങ്കില്‍ സമാനമായ മറ്റ് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ സംഗീത കച്ചേരി, നാടകം, മറ്റ് വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കരുത്.
വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ ഒമ്പത് വൈകിട്ട് ആറ് വരെ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.
 

date