*ദുരന്തബാധിതർക്കായി പ്രത്യേക വാഹന സൗകര്യം*
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മുണ്ടക്കെ -ചൂരല്‍മല ദുരന്ത ബാധിതരെ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തുകളിലെത്തിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക വാഹന സൗകര്യം ഒരുക്കിയിരുന്നു. രാവിലെ 10ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കൽപറ്റയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എട്ട് ബസുകളാണ് രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും സര്‍വീസ് നടത്തിയത്. രാവിലെ 10ന് കല്പറ്റ സിവില്‍ സ്റ്റേഷന്, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവന്‍ചാല്‍, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് മേപ്പാടിയിലെയും ചൂരല്‍മലയിലെയും പോളിങ് ബൂത്തുകളിലേക്ക് ബസുകള്‍ പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കല്പറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗണ്‍, നെടുംമ്പാല അമ്പലം എന്നിവിടങ്ങളില്‍ നിന്നായിരുന്നു സർവീസുകൾ. നേരത്തെ ചൂരല്‍മല ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഉണ്ടായിരുന്ന 203-ാം നമ്പര്‍ ബൂത്ത് ഇത്തവണ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇവിടേക്ക് വോട്ടർമാർക്ക് എത്തിച്ചേരുന്നതിന് വേണ്ടി ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്കും പ്രത്യേക വാഹന സൗകര്യം ഒരുക്കി.
- Log in to post comments