* സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു; വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ജില്ലാ കളക്ടർ*
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കവെ വിവിധ വകുപ്പുകളുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സ്കൂൾ കെട്ടിടങ്ങളുടെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന യഥാസമയം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാൻ മോട്ടോർ വാഹന വകുപ്പിനും യോഗത്തിൽ നിർദേശം നൽകി. വനമേഖലകളുമായി അടുത്ത പ്രദേശങ്ങളിൽ വന്യമൃഗ ശല്യം കൊണ്ടുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ നേരിടാനും കുട്ടികളുടെ സ്കൂൾ യാത്രകൾക്ക് തടസ്സമുണ്ടാകാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ പരിസരങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകൾ, സ്കൂൾ പരിസരങ്ങളിലെ ട്രാൻസ്ഫോർമറുകൾ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കെ.എസ്.ഇ.ബി അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. പട്ടികവർഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനും അവരുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂൾ തുറക്കുമ്പോൾ തന്നെ മെന്റർ ടീച്ചർമാരുടെ സേവനം ലഭ്യമാക്കാൻ പട്ടികവർഗ വകുപ്പ് നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്ന് വരും ദിവസങ്ങളിൽ അതത് പ്രദേശങ്ങളിലെ ഓരോ സ്കൂളുകളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments