Skip to main content
കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട്  എത്തിയ  വിദഗ്ധ സമിതി പരിശോധന നടത്തുന്നു

*കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി*

കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. സി.പി  രാജേന്ദ്രന്‍. തുരങ്കപാത നിര്‍മ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനെത്തിയ വിദഗ്ധ സമിതി ഇന്നലെ (ജൂലൈ 23) ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. മേഖലയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും. ദുരന്ത കാരണം കണ്ടെത്തല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തല്‍, കേന്ദ്ര പരിസ്ഥിത, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ അനുമതികള്‍ പരിശോധിക്കല്‍, കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ, നിര്‍മ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവ  സമിതി പരിശോധിക്കും. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള സാങ്കേതിക വശങ്ങളും സമിതി വിലയിരുത്തുമെന്നും സമഗ്ര പഠനത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും സമിതി അറിയിച്ചു. വിദഗ്ധ സമിതി അംഗങ്ങള്‍ ജില്ലാ കലക്ടര്‍ ഡി. ആര്‍  മേഘശ്രീയുമായി ചര്‍ച്ച നടത്തിയാണ്  മടങ്ങിയത്.  ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണ മേഖല സമിതി അംഗങ്ങള്‍ ഇന്ന് (ജൂലൈ 24) സന്ദര്‍ശിക്കും. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ട സിംഗ് (ഐ.ഐ.ടി പാലക്കാട്), പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, ജിയോ-ടെക്നിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍.ഐ.ടി കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. എം മധു കാര്‍ത്തിക്  (ഐ.ഐ.ടി പാലക്കാട്), ടണല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐ.ഐ.ടി പാലക്കാട്) എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

date