Skip to main content
പോഷണ്‍ അഭിയാൻ 2.0 പദ്ധതിയുടെ ഭാഗമായുള്ള ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിൻ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ നിർവഹിക്കുന്നു

*പോഷൺ മാ- 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകൾക്ക് ജില്ലയിൽ തുടക്കമായി *

പോഷണ്‍ അഭിയാൻ 2.0 പദ്ധതിയുടെ ഭാഗമായി പോഷൺ മാ- 2026, ആരോഗ്യ- വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളിൽ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിൻ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയിൽ നടന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ അധ്യക്ഷയായി. ഭക്ഷണ വൈവിധ്യവും മാംസ്യ ലഭ്യതയും എന്ന വിഷയത്തിൽആലാറ്റിൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ  ഡോ. സി റിനു ക്ലാസെടുത്തു. നോ മിഠായി ക്യാമ്പയിൻ എന്ന ആശയം അവതരിപ്പിച്ച കൽപ്പറ്റ ഐസിഡിഎസ് സൂപ്പർവൈസർ ഷംന യെ ഉപഹാരം നൽകി ആദരിച്ചു. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും ഗോദാവരി ഉന്നതിയിലെ കൗമാര പ്രായക്കാരായ പെൺകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.

ജില്ലാതല ഐസിഡിഎസ് സെല്‍  പ്രോഗ്രാം ഓഫീസർ എം.ജി ഗീത, ജില്ലാ ആര്‍സിഎച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, ജില്ലാ മാസ് മീഡിയ ഓഫിസർ കെ.എം മുസ്തഫാ, ഡെപ്യൂട്ടി മീഡിയ ഓഫിസർ പി.എം. ഫസൽ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്‌സ് സുബൈറത്ത്, ഊരു മൂപ്പൻ സി.പി രാജന്‍, ഐസിഡിഎസ് സെല്‍ സീനിയർ സൂപ്രണ്ട് കെ.പി സുനിത്ത്, ഐസിഡിഎസ് മാനന്തവാടി സിഡിപിഒ കെ.പി  സിന്ധു, ഐസിഡിഎസ് മാനന്തവാടി അഡീഷണൽ സിഡിപിഒ അഞ്ജു കൃഷ്‌ണ എന്നിവർ സംസാരിച്ചു.  

date