Skip to main content
കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹാംലെറ്റ് ആശ (ഊരുമിത്രം) പദ്ധതി ആലോചന യോഗം

ആദിവാസി ഊരുകളില്‍ ആരോഗ്യപരിചരണത്തിന് 'ഊരുമിത്രം'; പത്തനംതിട്ടയില്‍ 13 ഹാംലെറ്റ് ആശമാര്‍

ആദിവാസി മേഖലയിലെ ആരോഗ്യപരിരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടപ്പാക്കുന്ന ഹാംലെറ്റ് ആശ (ഊരുമിത്രം) പദ്ധതി ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു. വനപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആദിവാസി ഊരുകളില്‍ നിന്നുതന്നെ വനിതകളെ ഹാംലെറ്റ് ആശമാരായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കി ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പത്തനംതിട്ട ജില്ലയില്‍ വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, അരുവാപ്പുലം, പഴവങ്ങാടി, ചിറ്റാര്‍, സീതത്തോട് എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 13 ഹാംലെറ്റ് ആശമാരെ നിയമിക്കുന്നതിന് സംസ്ഥാനതലത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ സേവനം ലഭ്യമാകുന്നതോടെ ഉന്നതികളിലും ഉള്‍വനങ്ങളിലെ ആദിവാസി മേഖലകളിലും താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ കൂടുതല്‍ കാര്യക്ഷമമാകും. ആദിവാസി ഊരുകളിലും കുഗ്രാമങ്ങളിലും നിന്നുള്ള വനിതകളെ ആശ പ്രവര്‍ത്തകരായി തിരഞ്ഞെടുത്ത് ആവശ്യമായ പരിശീലനം നല്‍കിയാണ് ആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉറപ്പാക്കുക, വീട്ടിലെ പ്രസവം ഒഴിവാക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ആരോഗ്യസേവന സംവിധാനത്തിനും ആദിവാസി സമൂഹത്തിനുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിലും ഹാംലെറ്റ് ആശമാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകും.

കലക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് പദ്ധതി വിശദീകരണം നടത്തി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷൈലജ ബിവി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ആര്‍ രാജന്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ (ആരോഗ്യം) ഡോ. ജീവന്‍ കെ നായര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഇ പ്രശോഭ്, ഡോ. രേഷ്മ കെ കണ്ണന്‍, ഡോ. അരുണ്‍ കമ്മത്ത്, ഡോ. പത്മനാഭന്‍, ഡോ. ദീപ്തി, ഡോ. ലേഖ തോബിയാസ്, ഡോ. എം ജെ ചിഞ്ചു, ജില്ല ആശാ കോര്‍ഡിനേറ്റര്‍ അമല മാത്യു, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date