കൂട്ടായ്മയുടെ കരുത്തില്‍ വികസനത്തിന്റെ വേറിട്ട മാതൃക; ചാലക്കയം-പമ്പ റോഡ് നവീകരണത്തിന് പിന്നില്‍ അസാധാരണമായ ഏകോപനം
ശബരിമല തീര്‍ഥാടനകാലത്തിന് മുന്നോടിയായി ചാലക്കയം-പമ്പ റോഡ് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായത് വിവിധ തലങ്ങളിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ്. ഭരണതലത്തിലെ തീരുമാനങ്ങള്‍ മുതല്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും കരാറുകാരന്റെ ആത്മാര്‍ഥമായ സഹകരണവും വരെ ഒത്തുചേര്‍ന്നപ്പോള്‍ അസാധ്യമെന്നു തോന്നിയ സമയപരിധിക്കുള്ളില്‍ വലിയൊരു നിര്‍മാണപ്രവൃത്തി യാഥാര്‍ഥ്യമായി.
സെപ്റ്റംബര്‍ 17-നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. തുടര്‍ന്ന് വെറും ഒരു മാസത്തിനുള്ളില്‍ സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. സാധാരണഗതിയില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കപ്പെടുന്ന 28 ദിവസത്തെ കാലാവധി കാത്തുനില്‍ക്കാതെ കരാറുകാരന് വേഗത്തില്‍ കരാറില്‍ ഏര്‍പ്പെട്ടതും നിര്‍മാണം നേരത്തേ ആരംഭിക്കാന്‍ സഹായിച്ചു.
നിര്‍മാണപ്രവൃത്തിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ജില്ലാ കളക്ടര്‍ എ നിസാമുദീന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രിമാരുടെ ഓഫീസുകളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ആവശ്യമായ മെറ്റീരിയലുകള്‍ സമയബന്ധിതമായി ലഭ്യമാക്കി. ഡെല്‍റ്റയില്‍ നിന്നുള്ള മെറ്റീരിയലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി. തുടക്കം മുതല്‍ പദ്ധതി വേഗത്തില്‍ തീര്‍ക്കാന്‍ എല്ലാ തരത്തിലുള്ള സഹായവുമായി ജില്ലാ കളക്ടര്കൂടെ നിന്നു.
ടിപ്പര്‍ ലോറികള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള പ്രത്യേക പാസ് ജില്ലാ കളക്ടര്‍ അനുവദിച്ചു.
ബിറ്റുമിന്‍ ലഭ്യതയും മറ്റൊരു വെല്ലുവിളിയായിരുന്നു. എറണാകുളത്തെ പ്ലാന്റ് രാത്രിയിലും പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട റവന്യൂ അധികൃതരുമായി ഏകോപനം നടത്തി. ബിറ്റുമിന്‍ ക്ഷാമം ഉണ്ടായിരുന്ന സാഹചര്യത്തില്‍ ബി.പി.സി.എല്‍ അധികൃതരുമായും മന്ത്രിതലത്തിലും ഔദ്യോഗികതലത്തിലും ഇടപെട്ട് ആവശ്യമായ അളവില്‍ ബിറ്റുമിന്‍ ലഭ്യമാക്കി.
നിര്‍മാണവേഗം വര്‍ധിപ്പിക്കാന്‍ കരാറുകാരന് വിപുലമായ യന്ത്രസാമഗ്രികളും തൊഴിലാളികളെയും വിന്യസിച്ചു. പത്തിലധികം ജെ.സി.ബികള്‍, നിരവധി ടിപ്പര്‍ ലോറികള്‍, ആറ് റോളറുകള്‍, രണ്ട് ഗ്രേഡറുകള്‍, രണ്ട് പേവറുകള്‍ എന്നിവ ഒരേസമയം പ്രവര്‍ത്തനസജ്ജമാക്കി. 4.5 കിലോമീറ്റര്‍ റോഡിന്റെ ഇരുവശങ്ങളില്‍നിന്നും രണ്ട് സംഘങ്ങളായി നിര്‍മാണം മുന്നോട്ടുകൊണ്ടുപോയി. ആവശ്യമായ സാമഗ്രികള്‍ ഉറപ്പാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ ഇടപെടലിനൊപ്പം കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച തയ്യാറെടുപ്പും പ്രവൃത്തിയുടെ വേഗം കൂട്ടി.
മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ശബരിമല മുന്നൊരുക്ക അവലോകന യോഗത്തിലാണ് ഈ പ്രവൃത്തി സമയബന്ധിതമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനുള്ള തീരുമാനം ഉണ്ടായത്. വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ പരിപാലനത്തിലായിരുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ തീര്‍ഥാടനകാലത്തെ ഗതാഗതത്തിന് വലിയ വെല്ലുവിളിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാതെ, ഈ പ്രത്യേക പ്രവൃത്തി മാത്രം ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നിക്ഷേപത്തുകയ്ക്ക് പകരം സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്.
പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ ഇടപെടല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കി.
ജില്ലാ ഭരണകൂടത്തിനും പൊതുമരാമത്ത് വകുപ്പിനും പുറമെ പോലീസ് വകുപ്പും നിര്‍ണായക പിന്തുണ നല്കി. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നട തുറന്നിരുന്ന ഏഴ് ദിവസങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏകോപിപ്പിച്ച് നിര്‍മാണപ്രവൃത്തിക്ക് ആവശ്യമായ സാഹചര്യം ഒരുക്കി.
അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയും വകുപ്പ് സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഏകോപിത ഇടപെടലാണ് പദ്ധതിക്ക് വേഗം പകര്‍ന്നത്.
കാലാവസ്ഥയും അനുകൂലമായിരുന്നു. നിര്‍മാണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ വലിയ മഴ തടസ്സമാകാതിരുന്നതും പ്രവൃത്തി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ പത്തനംതിട്ട ഡിവിഷന്, റാന്നി സബ് ഡിവിഷന്, ളാഹ സെക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടപ്പാക്കിയത്. ളാഹ സെക്ഷനിലേക്ക് മറ്റു ഡിവിഷനില്‍ നിന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ചു
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് ബി.ടി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന്റെ ഏകോപനവും കരാറുകാരന്റെ ആത്മാര്‍ഥമായ സഹകരണവും ഈ നേട്ടത്തിന് പിന്നിലുണ്ട്.
ഒരു വികസനപ്രവൃത്തിയുടെ വിജയം അതിന്റെ വേഗതയില്‍ മാത്രമല്ല, അതിനായി കൈകോര്‍ക്കുന്ന മനുഷ്യരുടെ കൂട്ടായ്മയിലും അര്പ്പണബോധത്തിലുമാണ്. ചാലക്കയം-പമ്പ റോഡ് നവീകരണം ഈ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് ജില്ലാ കളക്ടര്‍ എ നിസാമുദീന്‍ പറഞ്ഞു.
ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ഭാവിയിലും ഇത്തരം പൊതുപ്രാധാന്യമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഈ അനുഭവം നമുക്ക് വലിയ ആത്മവിശ്വാസം നല്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വകുപ്പുകള്‍ തമ്മിലുള്ള അതിരുകള്‍ക്കപ്പുറം കൈകോര്‍ത്തു പ്രവര്‍ത്തിക്കുമ്പോള്‍ വികസനത്തിന് സമയപരിധികളോ പ്രതിസന്ധികളോ തടസ്സമാകില്ല. അദ്ദേഹം ചുണ്ടിക്കാട്ടി
ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ അസാധ്യമെന്ന് കരുതുന്നതുപോലും സാധ്യമാക്കാം എന്നതിന്റെ പ്രായോഗിക മാതൃകയാണ് ചാലക്കയം-പമ്പ റോഡ് നവീകരണം. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ പേരില്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു
വേഗത മാത്രമല്ല, വിവിധ വകുപ്പുകളുടെയും ഭരണതലങ്ങളുടെയും കൂട്ടായ ഇച്ഛാശക്തി ഒരു വികസനപ്രവൃത്തിയെ എങ്ങനെ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാമെന്നതിന്റെ മാതൃക കൂടിയാണ് ചാലക്കയം-പമ്പ റോഡ് നവീകരണം.
- Log in to post comments