ശിശുദിനാഘോഷം : ശിശുദിനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് ശിശുദിനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. രാവിലെ എട്ടിന് പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 8.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി കളക്ടറേറ്റ് അങ്കണത്തില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ശിശുദിന സന്ദേശം നല്‍കും. സെന്‍ട്രല്‍ ജംഗ്ഷന് വഴി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റാലി സമാപിക്കും. രാവിലെ 9.45 ന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ പ്രക്കാനം ഗവ യു പി എസിലെ അദ്വൈത അജിത്ത് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളിലെ ദിയ അനു അധ്യക്ഷയാകും. കുട്ടികളുടെ സ്പീക്കര്‍ ഉള്ളന്നൂര്‍ ആര് ആര് യു പി എസിലെ ക്രിസ്റ്റീന മറിയം സിജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ശിശുദിന സന്ദേശം നല്‍കും. പന്തളം എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം യുപിഎസിലെ ദേവതീര്‍ത്ഥ ആര് നായര്‍ ആശംസ അറിയിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷീബ മുഹമ്മദ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ സമ്മാനദാനം നിര്‍വഹിക്കും. പൂഴിക്കാട് ഗവ. എല്‍ പി എസിലെ ആര് അദ്വൈത് കൃതജ്ഞത രേഖപ്പെടുത്തും.
- Log in to post comments