നാടിന്റെ ഉത്സവമായി കോഴഞ്ചേരി പാലം ഉദ്ഘാടനം
മന്ത്രി പി കെ ബഷീര്‍ പാലം നാടിന് സമര്‍പ്പിച്ചു
കോഴഞ്ചേരി പുതിയപാലം ഉദ്ഘാടന ചടങ്ങ് നാടിന്റെ ജനകീയ ഉത്സവമായി മാറി. ആയിരക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പാലം നിര്‍മ്മാണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷവും ബാക്കി പണികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് പ്രധാനം.
പത്തനംതിട്ട തീര്‍ത്ഥാടന ജില്ലയാണ്. ശബരിമല തീര്‍ത്ഥാടനം, വിവിധ കണ്വെന്ഷന് തുടങ്ങിയ വലിയ ചടങ്ങുകള്‍ നടക്കുന്ന ഇവിടെ എത്തുന്ന വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുന്‍ഗണന നല്‍കും. ശബരിമല പാതയിലെ ചാലക്കയം - പമ്പ റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് വകുപ്പിന് അഭിമാന നേട്ടമാണ്. പത്തനംതിട്ട അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം 2027 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തെക്കേ മല- ഇലവുംതിട്ട- അടൂര്‍ റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കോഴഞ്ചേരി റിംഗ് റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല കുമ്പഴ റോഡിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായും കോഴഞ്ചേരി പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരിയുടെ ഏറെ നാളായുള്ള സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് ചടങ്ങില്‍ അധ്യക്ഷനായ അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. നാടിന്റെ ആവശ്യം നിറവേറ്റാന്‍ പ്രയത്നിച്ച എല്ലാവര്ക്കും എംഎല്‍എ നന്ദി പറഞ്ഞു. പാലത്തിന്റെ സമീപത്തായി വണ്ടിപേട്ടയിലും തോട്ടപ്പുഴശ്ശേരി ഭാഗത്തും ബസ് സ്റ്റോപ്പ് നിര്‍മ്മിക്കുന്നതിന് 27 ലക്ഷം രൂപ അനുവദിച്ചുവെന്നും കോഴഞ്ചേരിയിലും മാരാമണ്ണിലും സ്പെഷ്യല്‍ പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും കോഴഞ്ചേരിയില്‍ ആധുനിക രീതിയിലുള്ള പുതിയ മാര്‍ക്കറ്റിനായി 40 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. തെക്കേമല- നാരങ്ങാനം റോഡിന് 5 കോടി രൂപ അനുവദിച്ചുവെന്നും മാരാമണ്‍ ഭാഗത്തെ ജനങ്ങളുടെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കണ്വെന്ഷന് മുന്‍പ് പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ളതും ആറന്മുള വള്ളംകളി, മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷനുകള്‍ എന്നിവ നടക്കുന്നതുമായ കോഴഞ്ചേരിയില്‍ പുതിയ ഫയര്സ്റ്റേഷന് അനുമതിയായതായും എംഎല്‍എ പറഞ്ഞു.
ആന്റോ ആന്റണി എംപി, പഴകുളം മധു എംഎല്‍എ, ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രാമചന്ദ്രന് നായര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ല തോമസ്, മുന്‍ എംഎല്‍എമാരായ കെ ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, കെ ആര് എഫ് ബി പ്രൊജക്റ്റ് ഡയറക്ടര്‍ എസ് ദീപു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments