Skip to main content

രജിസ്‌ട്രേഷനില്ലാത്ത കുഴല്‍കിണര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് അശാസ്ത്രീയവും അനിയന്ത്രിതവുമായ കുഴല്‍കിണര്‍ നിര്‍മ്മാണം തടയുന്നതിന്റെയും അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായി രജിസ്‌ട്രേഷനില്ലാത്ത കുഴല്‍കിണര്‍ നിര്‍മ്മാണ ഏജന്‍സികള്‍ക്കും റിഗ്ഗുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭൂജല വകുപ്പ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കുഴല്‍കിണര്‍ നിര്‍മ്മാണ ഏജന്‍സികളും യൂണിറ്റുകളും ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചതും എന്നാല്‍ യഥാസമയം പുതുക്കാത്തതുമായ ഏജന്‍സികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത നിര്‍മ്മാണ യൂണിറ്റുകള്‍ ഉപയോഗിച്ച് കുഴല്‍കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ് വെല്‍ എന്നിവ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും യന്ത്രസാമഗ്രികള്‍ (റിഗ്ഗുകള്‍) കണ്ടുകെട്ടുന്നതും ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. കുഴല്‍കിണര്‍ നിര്‍മ്മാണ ഏജന്‍സിയും മെഷിനറികളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ക്ക് പത്തനംതിട്ട സന്തോഷ് ജംഗ്ഷനിലുള്ള ഭൂജലവകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

പൊതുജനങ്ങള്‍ കുഴല്‍കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ് വെല്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഭൂജല വകുപ്പില്‍ നിന്ന് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നുള്ള അനുമതിയും വാങ്ങേണ്ടതും കരാറുകാരന് (ഏജന്‍സിക്ക്) ഭൂജല അതോറിറ്റിയുടെ സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. രജിസ്‌ട്രേഷനില്ലാത്ത ഏജന്‍സികളെക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭൂജല വകുപ്പ് അറിയിച്ചു. ഫോണ്‍: 0468 2224887.
 

date