തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗിക്കരുത്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. തൊഴിലുറപ്പ് പ്രോജക്ട് ഡയറക്ടര്‍ എന്‍ ഹരി, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.വിധു എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം.
ബ്ലോക്കുകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും പദ്ധതിയുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പ്രവര്‍ത്തി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മസ്റ്റര്‍ റോള്‍ പരിശോധിക്കുകയും ചെയ്യണം. സ്ഥാനാര്‍ഥികളുടെ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹാജര്‍ നല്‍കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ ഉദേ്യാഗസ്ഥരോ കരാര്‍ ജീവനക്കാരോ നല്കാന് പാടില്ല. മസ്റ്റര്‍ റോളില്‍ കോളങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നതായോ ഒപ്പിട്ടിട്ടുള്ള തൊഴിലാളികള്‍ പണിസ്ഥലത്ത് ഇല്ലാതിരിക്കുകയോ ചെയ്തിരിക്കുന്നത് കണ്ടാല്‍ അത്തരം ക്രമക്കേടുകള്‍ ബിപിഒയ്ക്കോ ജെപിസിക്കോ റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ടീം മേറ്റുമാര്‍ക്കും ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഉദേ്യാഗസ്ഥര്‍ നല്‍കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. മസ്റ്റര്‍ റോളില്‍ ക്രമക്കേടുകള്‍ കാണിക്കുന്ന മേറ്റുമാരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. (ഇലക്ഷന്: 169/19)
- Log in to post comments