ലോക്സഭാ ഇലക്ഷന് 2019 വെബ് കാസ്റ്റിംഗ്് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ സുതാര്യത ഉറപ്പുവരുത്തണം- ജില്ലാ കളക്ടര്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സുഗമവും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മ നിരീക്ഷണം ആവശ്യമായ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനത്തിന് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ സുതാര്യത ഉറപ്പ് വരുത്തി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് നിര്‍ദേശം നല്കി. സെന്‍സിറ്റീവും വള്നറബിളുമായ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയ സംരംഭകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്കിയ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഉദ്യോഗസ്ഥര്‍ അച്ചടക്കത്തോടുകൂടി പെരുമാറണം. വെബ് കാസ്റ്റിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തിനുളളിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുളള പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ സെന്‍സിറ്റീവായ 171ല്‍ പ്രധാനപ്പെട്ട 49 ബൂത്തുകളും 11 സ്ഥലങ്ങളിലെ 22 വള്‍നറബിള്‍ ബൂത്തുകളും ഉള്‍പ്പടെ ആകെ 71 ബൂത്തുകളിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഐടി മിഷന്- അക്ഷയ മുഖേന വെബ് കാസ്റ്റിംഗ്് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ 121 ബൂത്തുകളില്‍ മൈക്രോഒബ്സര്വര്മാരെ നിയോഗിക്കും. കളളവോട്ട് ഉള്‍പ്പടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും, സുതാര്യവുമാക്കുകയാണ് വെബ്് കാസ്റ്റിംഗിന്റെ ലക്ഷ്യം. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പെടെയുളള മുഴുവന്‍ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തും. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന കണ്ട്രോള് റൂം മുഖേന ജില്ലാ കളക്ടര്‍ തല്‍സമയം മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. അക്ഷയ, ജില്ലാ ഐടി സെല്‍(റവന്യു) നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ബിഎസ്എന്‍എല്‍, കെ എസ് ഇ ബി എന്നിവയുടെ ഏകോപനത്തോടെയാണ് വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തല്‍സമയ സംപ്രേക്ഷണം സജ്ജീകരിക്കുന്നത്. കെല്‍ട്രോണ്‍ മുഖേനയാണ് പരിശീലനം നല്‍കിയത്. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷിബു തോമസ്, അക്ഷയ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ് ഷിനു തുടങ്ങിയവര്‍ പങ്കെടുത്തു.
(ഇലക്ഷന് : 185/19)
- Log in to post comments