Skip to main content

ലോക്‌സഭാ ഇലക്ഷന്‍ 2019 സമാധാനപരമായ തെരഞ്ഞെടുപ്പ്് അന്തരീക്ഷം നിലനിര്‍ത്തണം :  തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍

 

ജില്ലയില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സഹദേബ് ദാസ് ഐഎഎസ് പറഞ്ഞു. ജില്ലയിലെ സെന്‍സിറ്റീവ്, വള്‍നറബിള്‍ ബൂത്തുകളിലേക്ക് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിപ്പെട്ട ജീവനക്കാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നല്‍കിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷമനിരീക്ഷണം ആവശ്യമായ  സെന്‍സിറ്റീവ്, വള്‍നറബിള്‍ ബൂത്തുകളിലെ മൈക്രോ ഒബ്സര്‍വര്‍മാരായ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായ സേവനം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദേശങ്ങളും, ഇവിഎം, വി വി പാറ്റ് മെഷീനുകളെ കുറിച്ചും ക്ലാസില്‍ വിശദീകരണവും, ഇവ പ്രാവര്‍ത്തികമാക്കുന്നതിനുളള നിര്‍ദേശങ്ങളും നല്‍കി. രണ്ട് സെഷനുകളിലായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 200ഓളം ജീവനക്കാര്‍ പങ്കെടുത്തു. 

ജില്ലയിലെ സെന്‍സിറ്റീവായ 171ല്‍ പ്രധാനപ്പെട്ട 49 ബൂത്തുകളും 11 സ്ഥലങ്ങളിലെ 22 വള്‍നറബിള്‍ ബൂത്തുകളും ഉള്‍പ്പെടെ ആകെ 71 ബൂത്തുകളിലാണ് മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുളളത്. പ്രശ്നബാധിത ബൂത്തുകളില്‍ നിരീക്ഷണത്തിനായാണ് മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിരിക്കുന്നത്. എസ്എല്‍എംറ്റി മാസ്റ്റര്‍ ട്രെയിനര്‍ എം എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു.                   (ഇലക്ഷന്‍: 187/19)

date