തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയില്ല; ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
അനധികൃതമായി തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് വിട്ടുനിന്ന സീതത്തോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍.വിജയസേനനെ അനേ്വഷണ വിധേയമായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് സസ്‌പെന്‍ഡ് ചെയ്തു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, 1960ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) പ്രകാരമാണ് അനേ്വഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കോന്നി നിയമസഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗുമായി ബന്ധപ്പെട്ട് പി.ആര്‍.വിജയസേനനെ നിയമിച്ചിരുന്നു. എന്നാല്‍ ജോലിക്ക് ഹാജരായ ശേഷം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ അനുമതി കൂടാതെ വിജയസേനന്‍ വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് സെന്റര്‍ വിട്ടുപോയി. ഏപ്രില്‍ 15 മുതല്‍ അനധികൃതമായി ജോലിക്ക് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഏറ്റവും സുപ്രധാനമായ ജോലിയാണ് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ്. സൂക്ഷ്മതയോടും ഉത്തരവാദിത്തത്തോടും കൂടി നിര്‍വഹിക്കേണ്ട ചുമതലയില്‍ നിന്നും വിട്ടുനിന്ന വിജസേനന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളുടെ ലംഘനവും 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവുമാണ്. ജോലിക്ക് ഹാജരാകാതിരുന്നത് സംബന്ധിച്ച് 16ന് വൈകിട്ട് നാല് വരെ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ സമയം നല്‍കിയിരുന്നുവെങ്കിലും വിജയസേനന്‍ ഹാജരാകുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. (ഇലക്ഷന്‍: 188/19)
ഫോട്ടോ അടിക്കുറിപ്പ്
- Log in to post comments