സെക്കന്‍ഡറി തലം: ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് ശില്പശാല ആരംഭിച്ചു
അവധിക്കാല സെക്കന്‍ഡറിതല അധ്യാപക ശില്പശാലയുടെ മുന്നോടിയായുള്ള ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം തിരുവല്ല ഡയറ്റില്‍ ആരംഭിച്ചു. ശില്പശാല നാലു ദിവസം നീണ്ടുനില്ക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ലാലിക്കുട്ടി, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി. ഉഷ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, ഡയറ്റ് ഫാക്കല്‍റ്റി പി.ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ രണ്ട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 120 റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് ശില്പശാലയില്‍ സംബന്ധിക്കുന്നത്. എട്ട്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, പഠനമികവ് ഉയര്‍ത്താനുള്ള തന്ത്രങ്ങള്‍, നൂതനാശയ പ്രവര്‍ത്തനങ്ങള്‍, ഗവേഷണാത്മക അധ്യാപനം എന്നിവയെ കേന്ദ്രീകരിച്ചാണ് സെക്കന്‍ഡറിതല ശില്പശാല സംഘടിപ്പിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് അധ്യാപക ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. ഒന്നാംഘട്ടം മേയ് 13 മുതല്‍ 16 വരെയും രണ്ടാംഘട്ടം മേയ് 17 മുതല്‍ 21 വരെയും നടക്കും. തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകളിലായി ആകെ 26 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
- Log in to post comments