ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് ഉജ്ജ്വല തുടക്കം കളക്ടറേറ്റ് ശുചിയാക്കാന്‍ തൂമ്പയെടുത്ത് കളക്ടര്‍; ഒപ്പം ആവേശത്തോടെ ജീവനക്കാരും
കളക്ടറേറ്റിനെ ക്ലീനാക്കാന്‍ തൂമ്പയെടുത്ത് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് രംഗത്തിറങ്ങിയപ്പോള്‍ ആവേശത്തോടെ ജീവനക്കാരും ഒപ്പംചേര്‍ന്നു. ഒത്തൊരുമയോടെ നടത്തിയ ശുചീകരണപ്രവര്‍ത്തനം വൈകുന്നേരം പൂര്‍ത്തിയായപ്പോള്‍ കളക്ടററേറ്റും പരിസരവും ക്ലീന്‍. ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കളക്ടറേറ്റില്‍ ജില്ലാകളക്ടര്‍ തുടക്കം കുറിച്ചത്.
വകുപ്പ് തല ഉദ്യോഗസ്ഥര്‍ മുതല്‍ ഓഫീസ് അറ്റന്‍ഡര്‍മാര്‍ വരെ കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വ്യക്തി ശുചിത്വം മാത്രമല്ല, നമ്മുടെ വീടും പരിസരവും ശുചിയാക്കുന്നപോലെ പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ വ്യക്തിക്കും പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്ന് കളക്ടര്‍ ഓര്‍മിപ്പിച്ചു. ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന്റെ ഏറ്റവും പ്രധാനഘടകം മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ്. സ്വയം നമ്മളിലേക്കും, അതുവഴി സമൂഹത്തിലേക്കും മാലിന്യമുക്ത സന്ദേശം എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യ നിര്‍മാര്‍ജനം ഗൗരവമായ വിഷയമായി ഏറ്റെടുത്ത് എല്ലാവരും സഹകരിക്കണമെന്നും അദേഹം പറഞ്ഞു.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ഇന്നലെയും(10) ഇന്നും(11) ജില്ലയില്‍ ഉടനീളം ഊര്‍ജിത ശുചിത്വ യജ്ഞം നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കും. രോഗനിരീക്ഷണം, കൊതുക് നശീകരണം എന്നിവ കാര്യക്ഷമമാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം നടത്തുന്നത്.
ജില്ലയൊട്ടാകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റെയും ശുചിത്വമിഷന്റെയും ഇതര വകുപ്പുകളുടേയും നേതൃത്വത്തില്‍ ബഹുജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ ഇന്നലെ ശുചീകരണം നടത്തി. ഓരോ വാര്‍ഡിലെയും ശുചീകരണത്തിന് വാര്‍ഡുതല ശുചിത്വ സമിതി നേതൃത്വം നല്‍കി. ഓരോ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലുമുള്ളവര്‍ തങ്ങളുടെ പരിസരം ശുചീകരിച്ചു.
കളക്ടറേറ്റ് കൂടാതെ ജില്ലയിലെ പൊതു സ്ഥലങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വൃത്തിയാക്കുന്നുണ്ട്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയ കളക്ടറേറ്റ് പരിസരത്ത് മാവിന്‍തൈ നട്ടു. തൂമ്പ, മണ്‍വെട്ടി എന്നിങ്ങനെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ശുചിത്വ മിഷന്‍, നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്‌ക്, ഗ്ലൗസ് എന്നിവയും ശുചിത്വ മിഷന്‍ വിതരണം ചെയ്തു.
ഇന്ന് (11) പ്രധാന പാതയോരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ്‌സ് പോലീസ് വോളന്റിയര്‍മാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് സംഘടനകള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്തെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിടം, മാലിന്യകേന്ദ്രങ്ങള്‍ എന്നിവ കണ്ടെത്തി അവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും സ്വീകരിക്കുന്നുണ്ട്.
- Log in to post comments