Skip to main content

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഇന്ന് (മേയ് 17) നിര്‍വഹിക്കും

കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (മേയ് 17) രാവിലെ 10ന് മത്സ്യബന്ധനം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ലിജോ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ്  നിര്‍മിക്കുന്നത്.   ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അധ്യക്ഷയാകും.

ജില്ലയിലെ പ്രധാന മൊത്ത വിതരണ മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ  മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെയാണ് മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 369.05 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഇരു നില മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ 14 മത്സ്യ വില്‍പ്പന സ്റ്റാള്‍, എട്ട് കടമുറി, ഓഫീസ് മുറി, ഫ്രീസര്‍ സൗകര്യം, ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി. വിപണന സ്റ്റാളുകളില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളികള്‍, സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവ സജ്ജമാക്കും. മാലിന്യ സംസ്‌കരണത്തിന് ഇടിപി സംവിധാനമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുന്ന രൂപകല്‍പ്പനയാണ്.  ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്.
 

date